സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയില്‍ നിന്ന് 40 ആക്കിയാണ് വില കുറച്ചിട്ടുള്ളത്. മെനു കാര്‍ഡില്‍ 50 രൂപ എന്നുള്ളത് വെട്ടി 40 ആക്കിയിട്ടുമുണ്ട്. അപ്പത്തിന് അഞ്ച് രൂപ കുറച്ച് പത്ത് ആക്കിയെന്നും ഹോട്ടല്‍ ഉടമ അറിയിച്ചു.
ആലപ്പുഴ: അപ്പത്തിനും മുട്ടറോസ്റ്റിനും അമിത വില ഈടാക്കിയെന്ന പി പി ചിത്തരഞ്ജൻ (PP Chitharanjan MLA) എംഎൽഎയുടെ പരാതി കഴിഞ്ഞ ദിവസങ്ങളില്‍ കേരളമാകെ ചര്‍ച്ചയായ വിഷയമായിരുന്നു. ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലിപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയും നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപയും ഈടാക്കിയെന്നായിരുന്നു എംഎല്‍എ ഉയര്‍ത്തിയ പരാതി. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് അദ്ദേഹം പരാതി നല്‍കുകയും ചെയ്തു.
പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഷയം വലിയ ചര്‍ച്ചയായി മാറി. എംഎല്‍എ ഭക്ഷണം കഴിച്ചതിന് പണം നല്‍കിയില്ലെന്നത് ഉള്‍പ്പെടെ ചര്‍ച്ചകളിലേക്ക് ഈ വിഷയം മാറുകയും ചെയ്തു. ഇപ്പോള്‍ എംഎല്‍എയുടെ പരാതിയില്‍ പറയുന്ന ഹോട്ടലില്‍ മുട്ട റോസ്റ്റിന്‍റെയും അപ്പത്തിന്‍റെയും വില കുറച്ചതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയില്‍ നിന്ന് 40 ആക്കിയാണ് വില കുറച്ചിട്ടുള്ളത്. മെനു കാര്‍ഡില്‍ 50 രൂപ എന്നുള്ളത് വെട്ടി 40 ആക്കിയിട്ടുമുണ്ട്. അപ്പത്തിന് അഞ്ച് രൂപ കുറച്ച് പത്ത് ആക്കിയെന്നും ഹോട്ടല്‍ ഉടമ അറിയിച്ചു.
എംഎല്‍എയുടെ പരാതി
അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെയാണ് ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന്‍ പരാതി നല്‍കിയത്. ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലിപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല.
വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.
ഹോട്ടലിന്‍റെ പ്രതികരണം
അപ്പത്തിനും മുട്ടറോസ്റ്റിനും അമിത വില ഈടാക്കിയെന്ന ചിത്തരഞ്ജൻ എംഎൽഎയുടെ പരാതിയിൽ ഹോട്ടലുടമ മറുപടി നല്‍കിയിരുന്നു. സാധാരണ മുട്ടറോസ്റ്റിൽ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ മുട്ടറോസ്റ്റെന്നും അതിൽ അണ്ടിപ്പരിപ്പും മുന്തിരിയുമടക്കം ചേർത്താണ് ഉണ്ടാക്കുന്നതെന്നുമായിരുന്നു ഹോട്ടൽ ഉടമയുടെ പ്രതികരണം.
മുട്ട റോസ്റ്റിനു 50 രൂപ ഈടാക്കിയ ഹോട്ടലിനെതിരേ എംഎല്‍എ കളക്ടര്‍ക്കു നല്‍കിയ പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് ഹോട്ടലുടമ വിശദാകരണം നൽകിയത്. ചേര്‍ത്തല താലൂക്ക് സപ്ലൈഓഫീസര്‍ ആര്‍. ശ്രീകുമാരനുണ്ണിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഹോട്ടൽ ബില്ല് വിവാദം; ജില്ലാ ഭരണകൂടത്തിന് നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കളക്ടർ
ഹോട്ടൽ ബില്ല് വിവാദത്തിൽ ജില്ലാ ഭരണകൂടത്തിന് നടപടിയെടുക്കാൻ കഴിയില്ലെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. പി പി ചിത്തരഞ്ജൻ എംഎൽഎ ഭക്ഷണം കഴിച്ച ഹോട്ടലിൽ വില കൂടുതൽ ആയിരുന്നുവെന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോർട്ട് കിട്ടി. എന്നാൽ, നിയമപരമായ നടപടിക്ക് ജില്ലാ ഭരണകൂടത്തിന് അധികാരമില്ലെന്ന് കളക്ടർ അറിയിച്ചു.
ഹോട്ടൽ വില നിയന്ത്രണത്തിന് പുതിയ ബിൽ ആലോചനയിലെന്ന് മന്ത്രി
ഹോട്ടൽ ഭക്ഷണ വില നിയന്ത്രണത്തിന് പുതിയ ബില്ലിന്റെ സാധ്യത പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. ചിത്തരഞ്ജൻ എം എൽ എയുടെ പരാതിയുമായി ബന്ധപ്പെട്ടാണ് മന്ത്രി പുതിയ ബില്ലിന്റെ സാധ്യതയെക്കുറിച്ച് പറഞ്ഞത്. നിലവിൽ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുടമക്കാണെന്നും പ്രദർശിപ്പിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷണത്തിന്‍റെ പണം നൽകിയാണ് മടങ്ങിയത്, വി ടി ബൽറാമിന് മറുപടിയുമായി ചിത്തരഞ്ജൻ
ഹോട്ടൽ ബില്ല് വിവാദത്തിൽ വിശദീകരണവുമായി ചിത്തരഞ്ജൻ എംഎൽഎ രംഗത്ത് വന്നിരുന്നു. ഹോട്ടൽ ഭക്ഷണത്തിന് അമിതവില ഈടാക്കിയത് ചൂണ്ടിക്കാട്ടിയ തന്നെ ട്രോളുകൾ ഉണ്ടാക്കി അപഹസിക്കുന്നെന്ന് ചിത്തരഞ്ജൻ കുറ്റപ്പെടുത്തി. ചിലര്‍ വ്യക്തഹത്യ ചെയ്യുകയാണ്. താന്‍ പ്രതികരിച്ചത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. ട്രോളുകൾക്ക് പിന്നില്‍ ഹോട്ടലുടമ തന്നെയാകാം. കഴിച്ച ഭക്ഷണത്തിന്‍റെ പണം നല്‍കിയിട്ട് തന്നെയാണ് മടങ്ങിയതെന്നും എംഎല്‍എ വ്യക്തമാക്കി.
ഓസിന് കഴിക്കുന്നവരാണ് തന്നെ ആക്ഷേപിക്കുന്നതെന്നും ചിത്തരഞ്ജൻ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തില്‍ പറഞ്ഞു. ഭക്ഷണം കഴിച്ച ശേഷം താൻ പണം നൽകിയില്ല എന്ന മുൻ എംഎൽഎ വി ടി ബൽറാമിന്‍റെ പരാമർശം അങ്ങേയറ്റം നിലവാരം കുറഞ്ഞതാണെന്നും പണം നൽകിയോ ഇല്ലയോ എന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. മത്സ്യത്തൊഴിലാളിയുടെ മകനായ തന്‍റെ ധാർമികരോഷമാണ് അമിത വിലയ്ക്ക് എതിരായ പരാതിയിലൂടെ പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎയുടെ വിശദീകരണം.
