ട്രാവൽസുടമ പണം നൽകാത്തതിന്  പിരിഞ്ഞുപോയ ജീവനക്കാരനെ  ഹോട്ടലുടമ മുറിക്കുള്ളിൽ പൂട്ടിയിട്ട് മണിക്കൂറോളം മർദ്ദിച്ചു.

ഇടുക്കി: ട്രാവൽസുടമ പണം നൽകാത്തതിന് പിരിഞ്ഞുപോയ ജീവനക്കാരനെ ഹോട്ടലുടമ മുറിക്കുള്ളിൽ പൂട്ടിയിട്ട് മണിക്കൂറോളം മർദ്ദിച്ചു. പള്ളിവാസൽ പവർഹൗസിൽ താമസിക്കുന്ന മുരുകന്‍റെ മകൻ മകേഷ് (26)നെയാണ് ബ്ലൂബെർഗ് ഹോട്ടലുടമ മുറിക്കുള്ളിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം മർദ്ദിച്ചത്. സംഭവം ദേവികുളം എസ്ഐയുടെ ഒത്താശയോടെയാണ് ഉടമ നടത്തിയതെന്ന് ആരോപിച്ച് മകേഷ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകി. സംഭവത്തെപ്പറ്റി മകേഷ് പറയുന്നതിങ്ങനെ:

'ദേവികുളം ടൗണിൽ പ്രവർത്തിക്കുന്ന ബ്ലൂ ബെർഗ് ഹോട്ടലിൽ നിന്നും 2018 ജൂൺ അവസാനത്തോടെ ജോലി മതിയാക്കി ഇറങ്ങി. വിവിധ ഗ്രൂപ്പുകൾക്ക് ഹോട്ടലിൽ മുറിയെടുത്ത് സംബന്ധിച്ച് പണം നൽകുന്നതടക്കമുള്ള ലിസ്റ്റും ഹോട്ടലുടമക്ക് കൈമാറി'. എന്നാൽ ചില ഗ്രൂപ്പുകൾ പണം മകേഷിനെ ഏൽപ്പിക്കുമെന്ന് പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. 'കോളനി റോഡിലെ കാർത്തിക റസിഡൻസിയിൽ ജോലിയിൽ പ്രവേശിച്ച തന്നെ ഡിസംബർ 26 ന് ഹോട്ടലുടയും മൂന്നുപേരും ചേർന്ന് രാത്രി 8.45ലോടെ ദേവികുളത്തുള്ള ക്ലെബ് - 9 റിസോർട്ടിൽ കാറിൽ കയറ്റി കൊണ്ടുപോയി. മുറിക്കുള്ളിൽ പൂട്ടിയിട്ട് പുലർച്ചെ 1 മണിവരെ മർദ്ദിച്ചു. പിന്നീട് അവിടെ നിന്നും ബ്ലൂബെർഗ് ഹോട്ടലിൽ എത്തിച്ച് അവിടെയും മർദ്ദനം തുടർന്നു. ഇതിനിടയിൽ ഹോട്ടലുടമ ദേവികുളം എസ്ഐയെ ഫോണിൽ വിളിച്ച് തന്നെ പിടികൂടിയെന്നും കള്ളക്കേസിൽ പെടുത്തണമെന്നും പറഞ്ഞ് മുറിക്കുള്ളിൽ പൂട്ടിയിട്ടു'- മകേഷ് പറഞ്ഞു. 

ജീവനക്കാർ മുറി വൃത്തിയാക്കുന്നതിനായി തുറക്കവെ അവിടെ നിന്നും രക്ഷപ്പെട്ടതെന്നാണ് യുവാവ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ മൂന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണയിടപാടാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പെലീസിന്‍റെ വിലയിരുത്തൽ.