Asianet News MalayalamAsianet News Malayalam

25,000 രൂപയുടെ പണി വരുമെന്ന് പ്രതീക്ഷിച്ചില്ല അല്ലേ..! ഹോട്ടൽ മാലിന്യം കനാലിൽ തള്ളുമ്പോൾ ഓർക്കണ്ടേ, നടപടി

സ്ഥാപനത്തിന്‍റെ സമീപത്തുള്ള ബങ്കറില്‍ മാലിന്യം സൂക്ഷിച്ച് രാത്രിയില്‍ കനാലില്‍ തള്ളുകയായിരുന്നു. രാത്രി സമയത്ത് കനാലില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോ പരാതി ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ചിരുന്നു.

hotel waste is dumped in the canal 25,000 rs fine btb
Author
First Published Jan 25, 2024, 7:05 PM IST

പാലക്കാട്: മലമ്പുഴ കനാലില്‍ മാലിന്യം തള്ളിയ ഹോട്ടലിന് പിഴ. കോഴിക്കോട് ബൈപാസ് റോഡിലെ കല്‍മണ്ഡപം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കെ വി എസ് ആന്‍ഡ് ഫാമിലി എന്ന സ്ഥാപനത്തിന് 25,000 രൂപയാണ് പിഴ ചുമത്തിയത്. ജില്ലാ എന്‍ഫോഴ്മെന്റ് സ്‌ക്വാഡിനു ലഭിച്ച പരാതിയെ തുടര്‍ന്ന് ജില്ലാ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്-രണ്ട്, പാലക്കാട് നഗരസഭ, മരുതറോഡ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്.

സ്ഥാപനത്തിന്‍റെ സമീപത്തുള്ള ബങ്കറില്‍ മാലിന്യം സൂക്ഷിച്ച് രാത്രിയില്‍ കനാലില്‍ തള്ളുകയായിരുന്നു. രാത്രി സമയത്ത് കനാലില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോ പരാതി ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ചിരുന്നു. പരിശോധനക്ക് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് -2 ടീം ലീഡര്‍ വി.പി ജയന്‍, ടീം അംഗങ്ങളായ എ. ഷരീഫ്, കെ എസ് പ്രദീപ്, മരുതറോഡ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണിത്താന്‍, സെക്രട്ടറി രാമചന്ദ്രന്‍, പാലക്കാട് നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍. സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

അതേസമയം,  ഭക്ഷ്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്‌സല്‍ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉള്‍പ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 52 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 791 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്.

നിയമ ലംഘനം കണ്ടെത്തിയ 114 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും 44 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 120 സ്ഥാപനങ്ങള്‍ക്ക് നേരെ അഡ്ജ്യൂഡിക്കേഷന്‍ നടപടി സ്വീകരിക്കും. ഗുരുതര നിയമ ലംഘനം കണ്ടെത്തിയ ആറ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ഭക്ഷണ പൊതികളില്‍ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കര്‍ പതിപ്പിക്കേണ്ടത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ബന്ധമാക്കിയിരുന്നു.

മാലദ്വീപിന് പിന്നാലെ അയൽരാജ്യത്തും മുറുമുറുപ്പ്; 'ഇന്ത്യ ഔട്ട്' മുദ്രാവാക്യം ഉയരുന്നു, താരിഖിന്‍റെ ലക്ഷ്യങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios