ആലപ്പുഴ: കൊവിഡ് കാലത്ത് ആലപ്പുഴ-ചേർത്തല പ്രദേശത്ത് ആരും വിശന്നിരിക്കേണ്ടി വരില്ല.  ലോക്ക് ഡൗണ്‍ ആയി വീട്ടിലിരിക്കുന്നവർക്ക് ഭക്ഷണ പൊതി ഹോം ഡെലിവെറിയായി എത്തിക്കും. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിൽ നിന്ന്  പുറത്തിറങ്ങുന്നത് കഴിയുന്നത്ര കുറയ്ക്കണം. ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കാനും പാടില്ല . ഉച്ചയ്ക്ക്  നല്ലൊരു ഊണുകഴിക്കണമെങ്കിൽ എന്താണ് വഴി? നിങ്ങൾ  ആലപ്പുഴ മുതൽ ചേർത്തല വരെയുള്ള എവിടെയെങ്കിലുമാണ് താമസിക്കുന്നതെങ്കിൽ  ഇന്ന് മുതൽ അതിനു പരിഹാരം ഉണ്ട്.

 ജനകീയ അടുക്കള, ജനകീയ ഭക്ഷണശാല എന്നിവയുടെ കണ്ണികളിൽ നിശ്ചയിക്കപ്പെട്ട ഫോൺ നമ്പറുകളിൽ  ഒന്നിലേക്ക് എസ്എംഎസോ വാട്ട്സാപ്പോ ഇടുക കൃത്യമായ റൂട്ട് , വിലാസം എന്നിവ മെസ്സേജ് ചെയ്യുക,  രാത്രി 8 മണി മുതൽ ഇത്തരം സന്ദേശങ്ങൾ സ്വീകരിക്കും. പിറ്റേന്നു ഉച്ചയ്ക്ക് 20 രൂപയുടെ പൊതിച്ചോർ വീട്ടിലെത്തും. 5 രൂപ സർവീസ് ഫീസും അടക്കം 25 രൂപ. മീന്‍ വറുത്തത്, ഇറച്ചി, കക്കയിറച്ചി എന്നിവ സ്പെഷ്യൽ  വേണമെങ്കില്‍ 30 രൂപ കൂടി കൊടുക്കണം.

ഒരു കാര്യം  നിർബന്ധമാക്കിയിട്ടുണ്ട്. ഒരു കറി നമ്മുടെ പരമ്പരാഗത  ഇലക്കറി ആയിരിക്കും. ഇന്നത്തെ ഊണിന്റെ സ്പെഷ്യൽ മരുത്തോർവട്ടം ക്ഷേത്രത്തിലെ മോഡൽ ചേമ്പിൻ  താൾ കറി ആയിരുന്നു. നാളെ കൊഴുപ്പ ചീര തോരൻ  ആണ്. അങ്ങിനെ ഓരോ ദിവസവും ഓരോ വിഭവം. സാമ്പാറും മീൻചാറും സ്ഥിരമായുണ്ട്. 20 രൂപയ്ക്ക് ഊണ് ലഭിക്കണമെങ്കിൽ  ജനകീയ ഹോട്ടൽ  വരെ പോകേണ്ടി വരും, പാത്രവും കരുതിക്കോളൂ.  അതിലാക്കി വീട്ടിലേക്ക് പോരാം. കാരണം അവിടെയിരുന്ന് കഴിക്കാൻ  കഴിയില്ല . 

ആലപ്പുഴ ജില്ല കോടതി പാലത്തിനടുത്ത് പ്രസ് ക്ലബ്ബിന് പുറകിലായി കയർ മെഷീൻ മാനുഫാക്ചറിങ്  ഫാക്ടറി  സ്പോൺസർ ചെയ്തു തുറന്ന ഭക്ഷണശാല ആലപ്പുഴ  മണ്ഡലത്തിലെ അഞ്ചാമത്തെ ഭക്ഷണശാല ആയിരുന്നു. സാധാരണ ഗതിയിൽ  ത്രിതല പഞ്ചായത്തുകളിൽ നിന്ന് ലഭിക്കേണ്ടുന്ന അനുകൂല്യവും അതിലധികവും മെഷീൻ ഫാക്ടറിയിൽ  നിന്ന് ലഭ്യമാക്കുന്നു. 200 പേർക്ക്  ഇരുന്നു സുഖമായി ഭക്ഷണം കഴിക്കാവുന്ന പുതിയ ഒരു കെട്ടിടത്തിലാണ് ഭക്ഷണശാല. 

ഇപ്പോൾ 7 സംഘടനകൾ ആണ് ഈ സംരംഭത്തിനായി യോജിച്ചിട്ടുള്ളത് . മണഞ്ചേരിയിലെ പി കൃഷണപിള്ള ട്രസ്റ്റ് , പാതിരപ്പള്ളിയിലെ സ്നേഹജാലകം,ചേർത്തലയിലെ സാന്ത്വനം  എന്നിവർക്ക്  കേന്ദ്രീകൃതമായ അടുക്കളയുണ്ട് . അതേ സമയം അത്താഴക്കൂട്ടം, സത്യസായി കേന്ദ്രം എന്നിവർക്ക്  അടുക്കളയില്ല,  അവരെ പോലുള്ളവർക്കും മെഷീൻ ഫാക്ടറിയിലെ ഹോട്ടലിലും  കേന്ദ്രീകൃത അടുക്കളയിൽ നിന്നാണ് നല്കുക. പട്ടണത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ സുഭിക്ഷക്ക് സ്വന്തമായ അടുക്കളയുണ്ട്. ഇനി ആലപ്പുഴ  മണ്ഡലത്തിൽ  തുടങ്ങാൻ  പോകുന്ന മറ്റ് മൂന്നു ഭക്ഷണശാലകൾക്കും കേന്ദ്രീകൃത അടുക്കളയിൽ  നിന്നായിരിക്കും ഭക്ഷണം നല്കുക . കേന്ദ്രീകൃതമായ ഉല്പ്പാദനം, വികേന്ദ്രീകൃതമായ വിതരണം ഇതാണ് പൊതുവിൽ പറഞ്ഞാൽ മോഡൽ.

ഹോം ഡെലിവെറി ബുക്ക് ചെയ്താൽ ഇവരിൽ ആരെങ്കിലും ഭക്ഷണം എത്തിക്കും. ആലപ്പുഴ ഇപ്പോൾ തന്നെ 46 സ്ഥലങ്ങളിൽ ഭക്ഷണശാലകൾ ആരംഭിക്കുന്നതിന് കുടുംബശ്രീ സ്ഥലം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട് . ഇവയൊക്കെ വിഷുവിന് മുൻപ് ആരംഭിക്കാൻ  കഴിയും എന്നാണ് കരുതുന്നത്. 
 
20 രൂപ പോലും എടുക്കാൻ കഴിവില്ലാത്ത പാവങ്ങൾ ആണെങ്കിലോ? സർക്കാർ തീരുമാനപ്രകാരം മൊത്തം വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ10 ശതമാനം സൗജന്യമായിരിക്കണം. മൂന്ന് കേന്ദ്രീകൃത അടുക്കളകളും കൂടി 1000 കുടുംബങ്ങളിൽ ദിവസവും സൗജന്യമായി ഭക്ഷണം ഇപ്പോൾ തന്നെ എത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് വിപുലീകരിച്ചാൽ  മതിയാവും.

ഹോം  ഡെലിവെറിക്കായി  ബന്ധപ്പെടേണ്ട നമ്പറുകൾ 

പാതിരപ്പള്ളി സ്നേഹജാലകം ,   - സജിത്‌രാജ് - 9495507208
മണ്ണഞ്ചേരി കൃഷ്ണപിള്ള ട്രസ്റ്റ് - നൗഷാദ് പുതുവീട്- 9633137384
ചേർത്തല  സ്വാന്തനം  - കെ.പി. പ്രതാപൻ-9496332722
സുഭിക്ഷ ആലപ്പുഴ  - ഹേമലത ജോഷി - 7591920784
അത്താഴക്കൂട്ടം ആലപ്പുഴ  - എ .ആർ. നൗഷാദ് - 9567276181
സത്യസായി ഫൌണ്ടേഷൻ ആലപ്പുഴ  - പ്രേംസായി -9539011146
ജനകീയ ഹോട്ടൽ മെഷിൻ ഫാക്ടറി  ആലപ്പുഴ -9961266688

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക