Asianet News MalayalamAsianet News Malayalam

കോവളത്ത് സാമൂഹ്യവിരുദ്ധർ വീടുകളും വാഹനങ്ങളും അടിച്ചുതകർത്തു

വയലിൻ കരവീട്ടിൽ സുരേഷ്, ഗിരിജ എന്നിവരുടെ വീടുകളിൽ ആക്രമണം അഴിച്ചുവിട്ട സംഘം ജനലുകളും വാതിലുകളും അടിച്ചു തകർത്തു.

house and vehicles broken by unknown in kovalam
Author
Kovalam, First Published Nov 30, 2019, 3:27 PM IST

തിരുവനന്തപുരം: കോവളം വെള്ളാർ സമുദ്ര ബീച്ചിൽ  സാമൂഹ്യവിരുദ്ധർ വീടുകളും വാഹനങ്ങളും അടിച്ചു തകർത്തു. വീട് കയറിയുള്ള ആക്രമണത്തിൽ  ഒരാൾക്ക്  പരിക്കേറ്റു. ആക്രമണസംഘത്തിലെ മൂന്ന് പേരെ കോവളം പൊലീസ് പിടികൂടി.  സമുദ്ര തേരി റോഡിൽ സുരേഷിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് അക്രമി സംഘം വീടുകളും വാഹനങ്ങളും അടിച്ചു തകർത്തത്. 

വയലിൻ കരവീട്ടിൽ സുരേഷ്, ഗിരിജ എന്നിവരുടെ വീടുകളിൽ ആക്രമണം അഴിച്ചുവിട്ട സംഘം ജനലുകളും വാതിലുകളും അടിച്ചു തകർത്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയ സുരേഷിന്‍റെ മുഖത്ത് കമ്പി ഉപയോഗിച്ച് അടിച്ചു. സമീപവാസികളായ രഞ്ചിത്ത്, സുനിൽ എന്നിവരുടെ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറും ബൈക്കും മനോജ് എന്നയാളിന്‍റെ മാരുതി ഓമ്നി വാനും സംഘം അടിച്ചു തകർത്തു. 

സമുദ്ര ബീച്ച്, വെള്ളാർ, കോവളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടവും മോഷണവും പതിവാക്കിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് നിരന്തരം പ്രശ്നം സൃഷ്ടിച്ച ഇവരെ നാട്ടുകാർ ദിവസങ്ങൾക്ക് മുമ്പ് താക്കീത് ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യത്താലാകാം ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

വിവിധ സ്ഥലങ്ങളിൽ നിന്ന് സംഘടിച്ചെത്തിയ ഒമ്പത് പേരടങ്ങുന്ന സംഘമാണ് വീടുകളിൽ ആക്രമണം അഴിച്ചുവിട്ടത്. സംഘത്തിലെ മൂന്ന് പേരെ നാട്ടുകാരുടെ സഹായത്തോടെ കോവളം പൊലീസ് പിടികൂടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios