ചൊവ്വന്നൂരിൽ കനത്ത മഴയിൽ ഇരുനില വാർപ്പ് വീട് തകർന്നുവീണു. വീട്ടിൽ താമസിച്ചിരുന്ന കുടുംബം പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.
തൃശൂർ: കനത്ത മഴയിൽ ചൊവ്വന്നൂരിൽ ഇരുനില വാർപ്പ് വീട് തകർന്നു വീണു. ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ കോലാടിപറമ്പിൽ ബിജേഷും കുടുംബവും താമസിച്ചിരുന്ന വാടക വീടാണ് തകർന്നത്. ചൊവ്വന്നൂർ സ്വദേശി സദാനന്ദൻ വാടകക്ക് നൽകിയ വീടാണ് തകർന്നത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
പുലർച്ചെ വീടിൻ്റെ ചുവരുകൾ പൊട്ടുന്ന ശബ്ദം കേട്ട് ബിജേഷും ഭാര്യയും രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബം പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. അൽപ്പ നിമിഷത്തിനുള്ളിൽ വീട് പൂർണ്ണമായും നിലം പൊത്തുകയായിരുന്നു. കുടുംബ ക്ഷേത്രത്തിൽ പോകുന്നതിനായി ബിജേഷ് നേരത്തെ എഴുന്നേറ്റിരുന്നു.ഈ നേരത്താണ് ചുമർ പൊട്ടുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഇതോടെയാണ് ഭാര്യയും കുട്ടികളുമായി പുറത്തേക്ക് ഓടിയത്.മഴയിൽ വീടിൻ്റെ ചുവരുകൾക്കിടയിലേക്ക് വെള്ളം ഇറങ്ങിയതാണ് വീട് തകർന്നു വീഴാൻ കാരണമായതെന്ന് കരുതുന്നു. വീടിൻ്റെ അടുക്കള ഭാഗം വരെ തകർന്നു വീണു. വീട്ടുസാധനങ്ങളും നശിച്ചു. വീടിന്റെ തകർന്ന വാർപ്പ് ഭാഗങ്ങൾ തട്ടി വീണ്സമീപത്തെ വാർപ്പ് കെട്ടിടത്തിനും തകരാറു സംഭവിച്ചിട്ടുണ്ട്.
മേഖലയിൽ ഇന്നലെ വൈകിട്ട് മുതൽ കനത്ത മഴയാണ് ഉണ്ടായിരുന്നത്. പഴക്കമുള്ള ഓടിട്ട ചെറിയ ഒരു നില വീടായിരുന്നു. വീട് വാങ്ങിയ സ്വകാര്യ വ്യക്തി കൂടുതൽ സൗകര്യത്തിനായി മുൻഭാഗത്തെ ഓട് മാറ്റി സിമന്റ് കട്ടകൾ ഉപയോഗിച്ച് മുകളിൽ മുൻഭാഗം മാത്രം വാർപ്പ് ചെയതാണ് മുറിയെടുത്തത്. പഴയ വീടിൻ്റെ മണ്ണിഷ്ടകൾക്കു മുകളിൽ കോൺക്രീറ്റ് ബൽറ്റിട്ട് വാർക്കാതെയാണ് മുകളിൽ മുറിയെടുത്തത്.
സദാനന്ദൻ വാങ്ങിയ വീട് പിന്നീട് ബിജേഷിൻ്റെ കുടുബത്തിന് വാടകക്ക് നൽകുകയായിരുന്നു. ഒരു വർഷമായി ബിജേഷും കുടുംബവും വാടക വീട്ടിൽ താമസിച്ചു വരികയാണ്. ബിജേഷിന് ചൊവ്വല്ലൂർപ്പടിയിൽ പച്ചക്കറി കച്ചവടമാണ്. തകർന്ന വീടും പരിസരവും കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ സന്ദർശിച്ചു. ബിജേഷിൻ്റെ കുടുംബത്തെ മറ്റൊരു വാടക വീട്ടിലേക്ക് മാറ്റി പാർപ്പിക്കാനും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകാനും നടപടി സ്വീകരിച്ചതായി സീത രവീന്ദ്രൻ അറിയിച്ചു.
