Asianet News MalayalamAsianet News Malayalam

മണ്ണ് മാഫിയ വീട് തക‍‍ർത്ത സംഭവം:പഞ്ചായത്തിന് വീഴ്ച,സംരക്ഷണ ഭിത്തി കെട്ടിനൽകാൻ കലക്ടറുടെ ഉത്തരവ്

സംരക്ഷണ ഭിത്തി കെട്ടുന്നതിൽ ആശയക്കുഴപ്പത്തിലാണ് കുണ്ടറ പഞ്ചായത്ത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ സര്‍ക്കാർ ഫണ്ട് ഉപയോഗിച്ച് ഭിത്തി കെട്ടുന്നതിൽ പ്രതിപക്ഷം എതിര്‍പ്പറിയിച്ചു. ഭൂവുടമകളിൽ നിന്നും മണ്ണ് മാഫിയയുടെ കയ്യിൽ നിന്നും പിഴയീടാക്കി സംരക്ഷണ ഭിത്തി കെട്ടണമെന്നാണ് ഇവരുടെ ആവശ്യം

house demolition incident: Revenue department said panchayat failed to take action
Author
First Published Dec 7, 2022, 6:56 AM IST


കൊല്ലം: കുണ്ടറയിൽ നിര്‍ധന കുടുംബത്തിന്റെ വീടിന്റെ അടിത്തറ മണ്ണ് മാഫിയ തോണ്ടിയ സംഭവത്തിൽ വീഴ്ച പഞ്ചായത്തിനെന്ന് റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. മണ്ണെടുത്ത ഭാഗത്ത് കുണ്ടറ പഞ്ചായത്ത് അടിയന്തിരമായി സംരക്ഷണ ഭിത്തി കെട്ടണമെന്ന് ജില്ലാ കളക്ടറും ഉത്തരവിട്ടു. അതേസമയം വീട് നഷ്ടമായ സുമക്ക് പുതിയ വീട് വച്ച് നൽകുന്ന കാര്യത്തിൽ പഞ്ചായത്തിന് ഇപ്പോഴും വ്യക്തതയില്ല.

മുളവന സ്വദേശി സുമയുടേയും കുടുംബത്തിന്റേയും ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് അധികൃതരുടെ ഇടപെടൽ ഉണ്ടായത്. നേരത്തെ ജിയോളജി വകുപ്പിനോട് റവന്യൂ വകുപ്പ് റിപ്പോരട്ട് തേടിയിരുന്നു. ഇത്രയധികം മണ്ണ് നഷ്ടപ്പെടാൻ കാരണം മേൽനോട്ടത്തിൽ പഞ്ചായത്തിനുണ്ടായ ശ്രദ്ധക്കുറവാണെന്നാണ് കണ്ടെത്തൽ. അനുവദനീയമായതിലുമധികം മണ്ണ്, മാഫിയ സംഘം കടത്തി. പഞ്ചായത്ത് സെക്രട്ടറി ഡവലപ്മെന്റ് പെര്‍മിറ്റ് നൽകിയപ്പോൾ ശുപാര്‍ശ ചെയ്ത അത്രയും മണ്ണെടുക്കാൻ മാത്രമാണ് ജിയോളജി വകുപ്പ് അനുമതി കൊടുത്തത്. ഇതിനാൽ പൂര്‍ണ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്നും പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു. 

എന്നാൽ സംരക്ഷണ ഭിത്തി കെട്ടുന്നതിൽ ആശയക്കുഴപ്പത്തിലാണ് കുണ്ടറ പഞ്ചായത്ത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ സര്‍ക്കാർ ഫണ്ട് ഉപയോഗിച്ച് ഭിത്തി കെട്ടുന്നതിൽ പ്രതിപക്ഷം എതിര്‍പ്പറിയിച്ചു. ഭൂവുടമകളിൽ നിന്നും മണ്ണ് മാഫിയയുടെ കയ്യിൽ നിന്നും പിഴയീടാക്കി സംരക്ഷണ ഭിത്തി കെട്ടണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം മണ്ണ് മാഫിയ കാരണം കിടപ്പാടം നഷ്ടപ്പെട്ട സുമക്ക് വീട് വച്ചു നൽകുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ പഞ്ചായത്തിന് കൃത്യമായ മറുപടിയില്ല. വീട് നൽകുമെന്നു പഞ്ചായത്ത് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും എപ്പോൾ, എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല.

നിർധന കുടുംബത്തിന്‍റെ അടിത്തറ തോണ്ടി മണ്ണ് മാഫിയ; സുമയും കുടുംബും ജീവിക്കുന്നത് വായനശാലയുടെ ഹാളില്‍

Follow Us:
Download App:
  • android
  • ios