Asianet News MalayalamAsianet News Malayalam

വീടും ഭൂമിയുമില്ലാത്ത 160 കുടുംബങ്ങള്‍ക്ക് കോഴിക്കോട് തണലൊരുങ്ങുന്നു

ഭവന സമുച്ചയങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.
 

house for 160 families in kozhikode under life mission
Author
Kozhikode, First Published Sep 24, 2020, 7:31 PM IST

കോഴിക്കോട്: ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തിലെ ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി ജില്ലയില്‍ നിര്‍മ്മിക്കുന്ന മൂന്ന് ഭവന സമുച്ചയങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ എലോക്കര,  മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പൊന്‍പറകുന്ന്,  നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മന്ദന്‍കാവ് എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന ലൈഫ് ഭവന സമുച്ചയങ്ങളുടെ പ്രവൃത്തി ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതികളുടെ ഭാഗമായാണ് നിര്‍മ്മാണോദ്ഘാടനം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.

പുതുപ്പാടി പഞ്ചായത്തിലെ എലോക്കരയില്‍ നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ ശിലാ ഫലക അനാച്ഛാദനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. പഞ്ചായത്തിന്റെ കീഴില്‍ എലോക്കരയിലുള്ള 1.75 ഏക്കര്‍ സ്ഥലത്ത് 7.02 കോടി ചെലവിലാണ് ഭവന സമുച്ചയം നിര്‍മ്മിക്കുന്നത്. ആദ്യഘട്ടമായി 5.58 കോടി രൂപ വിനിയോഗിച്ച്  നിര്‍മ്മിക്കുന്ന സമുച്ചയത്തില്‍ നാല് നിലകളിലായി 44 വീടുകളാണ് ഉള്‍ക്കൊള്ളുന്നത്. കൂടാതെ  വയോജനങ്ങള്‍ക്കായി പ്രത്യേക മുറി, സിക്ക് റൂം, മലിനജല ശുദ്ധീകരണ പ്ലാന്റ്, സൗരോര്‍ജ സംവിധാനം എന്നിവയുമുണ്ടാകും.  

പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജോര്‍ജ് എം തോമസ് എം.എല്‍.എ മുഖ്യാതിഥിയായി. പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വിഇഒ പി.പി.അബ്ദുല്‍ജലീലിന്  മന്ത്രി മൊമന്റോ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.രാകേഷ്, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്മാരായ മുജീബ് മാക്കണ്ടി, ഐബി റെജി, എം.ഇ.ജലീല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, ജലീല്‍കോയ തങ്ങള്‍, അംബിക മംഗലത്ത്, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ജോസഫ്, പുതുപ്പാടി സഹകരണബാങ്ക് പ്രസിഡന്റ് കെ.സി.വേലായുധന്‍, ബിജു താന്നിക്കാക്കുഴി, ടി.എം.പൗലോസ്, ശിഹാബ് അടിവാരം, ഗഫൂര്‍ അമ്പുടു, സിദ്ധിഖ് കൈതപ്പൊയില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

മാവൂര്‍ പൊന്‍പാറക്കുന്നില്‍ നിര്‍മ്മിക്കുന്ന ലൈഫ് മിഷന്‍ ഭവന സമുച്ചയത്തിന്റെ  ശിലാസ്ഥാപന കര്‍മ്മം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. പൊതുമരാമത്ത് വകുപ്പ് വിട്ടു നല്‍കിയ 2.66 ഏക്കര്‍ സ്ഥലത്താണ് ഭവന സമുച്ചയം നിര്‍മ്മിക്കുന്നത്. ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി പൊന്‍പാറക്കുന്നില്‍ നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തില്‍ 44 കുടുംബങ്ങള്‍ക്കാണ് താമസ സൗകര്യമൊരുക്കുന്നത്. 6.71 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടോല്‍ക്കുന്നില്‍ 5.25 കോടി രൂപ ചെലവില്‍ 42 കുടുംബങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന പദ്ധതിയുടെ പ്രവൃത്തി പുരോഗമിച്ചു വരികയാണ്. 

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത പൂതക്കുഴിയില്‍, വൈസ് പ്രസിഡണ്ട് പി.ശിവദാസന്‍ നായര്‍, മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.മുനീറത്ത്, വൈസ് പ്രസിഡണ്ട് വളപ്പില്‍ റസാഖ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ബ്രിജേഷ്,  വാസന്തി വിജയന്‍, കെ.ഉസ്മാന്‍, കവിതാ ഭായ്, അപ്പുക്കുഞ്ഞന്‍, രവികുമാര്‍ പനോളി, സുരേഷ് പുതുക്കുടി, കെ.പി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്തിലെ മന്ദന്‍കാവില്‍ നാല് നിലകളിലായി 72 ഫ്‌ളാറ്റുകളാണ് നിര്‍മ്മിക്കുന്നത്. റവന്യൂ വകുപ്പിന്റെ കൈവശമുള്ള 1.96 ഏക്കര്‍ സ്ഥലമാണ് ഇതിന് വിനിയോഗിക്കുന്നത്. 10.54 കോടി രൂപ ചിലവിലാണ് നിര്‍മ്മാണം.  ലൈറ്റ്ഗേജ്, സ്റ്റീല്‍ഫ്രയിം ഘടകങ്ങള്‍ ഉപയോഗിച്ചുള്ള പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യയിലാണ് നിര്‍മ്മാണം. അഹമ്മദാബാദ് ആസ്ഥാനമായ മിറ്റ്‌സുമി ഹൗസിംഗ് ലിമിറ്റഡിനാണ് കരാര്‍. 445 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓരോ ഫ്‌ളാറ്റിലും രണ്ട്  ബെഡ്‌റും, ഹാള്‍, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളാണ് ഉണ്ടാവുക.
 

Follow Us:
Download App:
  • android
  • ios