പത്തുകൊല്ലമായി ക‍ഞ്ചിക്കോട് വ്യവസായ മേഖലയില്‍ ലോട്ടറിവിറ്റാണ് ഉപജീവനം. ഒരു കൂരയില്ലാത്തതിനാല്‍ ലോട്ടറി വില്‍പന കേന്ദ്രത്തോട് ചേര്‍ന്ന ചായ്പിലാണ് അന്തിയുറക്കം. 

പാലക്കാട്: തലചായ്ക്കാന്‍ ഒരുതുണ്ട് ഭൂമിക്കായി മൂന്നു കൊല്ലമായി കാത്തിരിക്കുകയാണ് കഞ്ചിക്കോട് കൗശിപ്പാറയില്‍ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ട്രാന്‍സ് ജന്‍റര്‍ വനിത ശ്രീദേവി. ചിറ്റൂരിലെ ശ്രീധരന്‍ നമ്പൂതിരി പ്രളയ കാലത്ത് സര്‍ക്കാരിന് സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയില്‍ അ‍ഞ്ച് സെന്‍റ് ശ്രീദേവിക്ക് നല്‍കണമെന്ന നിവേദനം സാങ്കേതികക്കുരുക്കു കാരണം പരിഗണിക്കാതിരിക്കുകയാണ്. സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി ആയതിനാല്‍ തീരുമാനമെടുക്കേണ്ട ലാന്ഡ‍റ് അസൈന്‍മെന്‍റ് കമ്മിറ്റി നിലവിലില്ലാത്തതാണ് തടസ്സം.

55 വയസ്സായി ശ്രീദേവിക്ക്. രാജീവെന്നായിരുന്നു മാതാപിതാക്കള്‍ നല്‍കിയ പേര്. പത്തുകൊല്ലമായി ക‍ഞ്ചിക്കോട് വ്യവസായ മേഖലയില്‍ ലോട്ടറിവിറ്റാണ് ഉപജീവനം. ഒരു കൂരയില്ലാത്തതിനാല്‍ ലോട്ടറി വില്‍പന കേന്ദ്രത്തോട് ചേര്‍ന്ന ചായ്പിലാണ് അന്തിയുറക്കം. ശ്രീദേവിയുടെ സ്ഥിതി കണ്ട് മനസ്സലിവ് തോന്നിയ ചിറ്റൂര്‍ സ്വദേശി ശ്രീധരന്‍ നമ്പൂതിരിയാണ് താന്‍ സര്‍ക്കാരിന് വിട്ടു നല്‍കിയ പത്തു സെന്‍റില്‍ അഞ്ച് സെന്‍റ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. 

എലപ്പുള്ളി പഞ്ചായത്തും അനുകൂല നിലപാടെടുത്തു. ജില്ലാ കലക്ടര്‍ക്കും സമ്മതം. പക്ഷെ പുതിയ സര്‍ക്കാര്‍ താലൂക്ക് തല ലാന്‍റ് അസൈന്‍മെന്‍റ് കമ്മിറ്റി രൂപീകരിക്കാത്തതിനാല്‍ തീരുമാനം വൈകുകയാണ്. ശ്രീദേവിയുടെ പ്രശ്നം പ്രത്യേക കേസായി പരിഗണിക്കണമെന്ന് റവന്യൂ വകുപ്പിന് എംഎല്‍എയും ശുപാര്‍ശ നല്‍കിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. മൂന്നാം കൊല്ലവും തലചായ്ക്കാനൊരിടത്തിനായി കാത്തിരിക്കുകയാണ് ശ്രീദേവി.