ആലപ്പുഴ: രാമപുരത്ത് വീടുകളുടെ നേരെ മൂന്നംഗ സംഘത്തിന്റെ കല്ലേറ്. പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് പത്തൊന്‍പതാം വാര്‍ഡിലെ രാമപുരം പടിഞ്ഞാറ് ഭാഗത്തെ മൂന്നിലധികം വീടുകളുടെ ജനാലച്ചില്ലുകള്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് മൂന്നംഗ സംഘം കല്ലുകള്‍ കൊണ്ട് എറിഞ്ഞു തകര്‍ത്തത്. ഇതു കൂടാതെ സമീപത്തെ പല വീടുകളുടെ നേരേയും ഇവര്‍ ആക്രമണം നടത്തിയതായി പ്രദേശവാസികള്‍ പറയുന്നു. 

പത്മാലയം ആനന്ദക്കുട്ടന്‍, ശോഭാലയം ശോഭന, സന്തോഷ് ഭവനം ശിവന്‍കുട്ടി എന്നിവരുടെ വീടുകളുടെ ജനല്‍ച്ചിലുകളാണ് സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നത്. പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ അക്രമിസംഘം ഓടി മറഞ്ഞതായി വീട്ടുകാര്‍ പറയുന്നു. 

സംഭവത്തില്‍ കരീലക്കുളങ്ങര പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. അക്രമി സംഘങ്ങളെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. വീടുകള്‍ക്ക് നേരെ കല്ലെറിയുന്ന മൂന്നംഗ സംഘത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.