ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോട് കൂടി മത്സ്യ തൊഴിലാളികള്‍ വീടിനുളളില്‍ ഉറങ്ങി കിടക്കവെയാണ് ശക്തമായ തിരയില്‍ വീടുകളുടെ പിന്‍ഭാഗം തകരുന്നത്. 

തിരുവനന്തപുരം: പൊഴിയൂരില്‍ ശക്തമായ കടല്‍ ക്ഷോഭത്തില്‍ തീരത്തോട് ചേര്‍ന്നുളള ഇരുപതോളം വീടുകള്‍ തകര്‍ന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായാണ് ശക്തമായ കടല്‍ ക്ഷോഭം അനുഭവപ്പെട്ടത്. തീരദേശവാസികള്‍ക്കായി പണി കഴിപ്പിച്ച ഫ്‌ളാറ്റുകള്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്ന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തീരദേശവാസികള്‍ റോഡ് ഉപരോധിച്ചു.

പൊഴിയൂര്‍ തെക്കേ കൊല്ലങ്കോട് പ്രദേശത്താണ് ചൊവ്വാഴ്ച രാത്രി മുതല്‍ ശക്തമായ കടല്‍ ക്ഷോഭത്തില്‍ വീടുകള്‍ തകര്‍ന്നത്. തീരത്തോട് ചേര്‍ന്ന് താമസിക്കുന്ന ഇരുപതോളം വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. പത്തിലധികം വീടുകള്‍ ഏത് നിമിഷവും കടല്‍ എടുക്കാമെന്ന സ്ഥിതിയിലാണ് സ്ഥിതിചെയ്യുന്നത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോട് കൂടി മത്സ്യ തൊഴിലാളികള്‍ വീടിനുളളില്‍ ഉറങ്ങി കിടക്കവെയാണ് ശക്തമായ തിരയില്‍ വീടുകളുടെ പിന്‍ഭാഗം തകരുന്നത്. 

വീടുകളുടെ പിന്‍ഭാഗം കടല്‍ എടുത്തതോടെ കൈയ്യില്‍ കിട്ടിയ സാധനങ്ങളുമായി മത്സ്യ തൊഴിലാളികള്‍ വീടിന് പുറത്തേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് രാത്രിയിലുണ്ടായ ശക്തമായ തിരയിലാണ് കൂടുതല്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത്. കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന് വീടുകള്‍ക്കുളളിലെ സാധനങ്ങള്‍ പുറത്തേക്ക് മാറ്റി കൊണ്ടിരിക്കെയാണ് ബുധനാഴ്ച രാവിലെ വീണ്ടും ശക്തമായ തിര അനുഭവപ്പെട്ടത്. പല വീടുകള്‍ക്ക് ഉളളില്‍ നിന്നും സാധനങ്ങള്‍ മാറ്റവെ ശക്തമായ തിര വീടുകള്‍ക്കുളളിലേക്ക് കയറുകയായിരുന്നു. 

തീരത്തോട് ചേര്‍ന്ന് താമസിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച ഫ്‌ളാറ്റിലേക്ക് അടിയന്തിരമായി ഇവരെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ തെക്കേ കൊല്ലങ്കോട്ടില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി വീടുകള്‍ക്കുളളിലെ ഉപകരണങ്ങളടക്കം റോഡില്‍ നിരത്തിയാണ് ഗതാഗതം തടഞ്ഞ് പ്രതിഷേധിച്ചത്.