അമ്പലപ്പുഴ: പൊതുതോട് കയ്യേറി മതില്‍കെട്ടി നീരൊഴുക്ക് തടസപ്പെടുത്തിയതോടെ പ്രദേശത്തെ വീടുകള്‍ വെള്ളത്തിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ ആര്യപ്പള്ളി ഏഴരയില്‍ തോടാണ് വ്യക്തി കൈയ്യേറി മതില്‍കെട്ടിയത്. തോട് കൈയ്യേറിയപ്പോള്‍ തന്നെ നാട്ടുകാര്‍ തടഞ്ഞെങ്കിലും കൂട്ടാക്കാതെ നികത്തുകയായിരുന്നു. പിന്നീട് പഞ്ചായത്ത് കമ്മിറ്റികൂടി കൈയ്യേറ്റം ഒഴിപ്പിക്കാന്‍ തീരുമാനമെടുത്തു.

തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ ജെ സി ബി എത്തിയെങ്കിലും പൊലീസിന്റെ സഹായത്താല്‍ ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. ഇതോടെ പ്രദേശത്തെ നീരൊഴുക്ക് തടസപ്പെട്ട് വീടുകള്‍ പലതും വെള്ളത്തിലായി. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ പലവീടുകളിലെയും ശുചിമുറികള്‍ മഴക്കാലങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. സെപ്റ്റിക് ടാങ്കുകളില്‍ വെള്ളം കയറിയതാണ് കാരണം.

തോട് കൈയ്യേറ്റം തിട്ടപ്പെടുത്തി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ താലൂക്ക് തഹസീല്‍ദാര്‍ക്ക് നാട്ടുകാരന്‍ പരാതി നല്‍കിയിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. വീണ്ടും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍  കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസറെത്തി കയ്യേറ്റം സ്ഥിരീകരിച്ച് തഹസീല്‍ദാറിന് റിപ്പോര്‍ട്ട് കൈമാറി. എന്നാല്‍ മറ്റ് നടപടികള്‍ സ്വീകരിച്ചിട്ടില്ല. വീടിനുചുറ്റും ദിവസങ്ങളായി വെള്ളംകെട്ടി കിടക്കുന്നതിനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പനിയും ശ്വാസതടസവും പിടിപെട്ട് കിടപ്പിലാണ്‌.