മുറിവില്‍ നിന്നും രക്തം വാര്‍ന്നിറങ്ങിയിട്ടും വാക്‌സിന്‍ ഇല്ല എന്ന കാരണത്താല്‍ മൂന്നു മണിക്കൂറോളം ചികിത്സ ലഭ്യമായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മകന് ചികിത്സ തേടിയെത്തിയ ആമിന  കാഷ്വാലിറ്റിയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ നായ ആക്രമിക്കുകയായിരുന്നു. 

തിരുവനന്തപുരം: വിഴിഞ്ഞം (Vizhinjam) സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ വീട്ടമ്മക്ക് തെരുവുനായയുടെ (stray dog) കടിയേറ്റു (Bitten). വെള്ളിയാഴ്ച ഉച്ചയ്ക്കു 4 മണിയോടെ കാലില്‍ ചൂടുവെള്ളം വീണ മകന് ചികിത്സതേടിയെത്തിയ ആമിന (Amina-39)ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. മുറിവ് ഗുരുതരമായതിനാല്‍ വിഴിഞ്ഞം ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത ആമിനയ്ക്ക് ചികിത്സ വൈകിയതായും ഇന്‍ജക്ഷന്‍ സ്റ്റോക്കില്ലെന്ന് പറഞ്ഞ് പുറത്ത് നിന്നും വാങ്ങിപ്പിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു.

മുറിവില്‍ നിന്നും രക്തം വാര്‍ന്നിറങ്ങിയിട്ടും വാക്‌സിന്‍ ഇല്ല എന്ന കാരണത്താല്‍ മൂന്നു മണിക്കൂറോളം ചികിത്സ ലഭ്യമായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മകന് ചികിത്സ തേടിയെത്തിയ ആമിന കാഷ്വാലിറ്റിയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ നായ ആക്രമിക്കുകയായിരുന്നു. ഇടതു കാലില്‍ കടികൊണ്ട് രണ്ട് പല്ലുകള്‍ താഴ്ന്ന് ഗുരുതര മുറിവായതിനാലും മുറിവിനു ചുറ്റുമുള്ള ഇന്‍ജക്ഷന്‍ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഇല്ലാത്തതുകൊണ്ടുമാണ് ആമിനയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുത്.

അവിടെ എത്തിയിട്ടും മരുന്നില്ലെന്ന പേരില്‍ യഥാസമയം ചികിത്സ ലഭ്യമാക്കാതെ 4500 രൂപയുടെ മരുന്ന് പുറത്ത് നിന്ന് വാങ്ങി നല്‍കിയശേഷമാണ് ചികിത്സ ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിഴിഞ്ഞം ആശുപത്രി പരിസരത്ത് തെരുവ് നായ്ക്കളുടെ ശല്യം കൂടുതലാണ്. ഇതിന് മുമ്പും ആശുപത്രിയിലെത്തിയവരില്‍ രോഗികളുല്‍പ്പടെ പലരെയും തെരുവ് നായകടിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.