വരാപ്പുഴയിൽ നിന്ന് മോഷ്ടിച്ച റോയൽ എൻഫീൽഡ് ബൈക്ക് കാസർഗോഡ് വെച്ച് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ പിടിയിലായി. സ്പെയർ കീ മുൻകൂട്ടി കൈക്കലാക്കിയാണ് പ്രതികൾ മോഷണം നടത്തിയത്.
കൊച്ചി: എറണാകുളം വരാപ്പുഴയിൽ നിന്നും മോഷ്ടിച്ച ബൈക്ക് കാസർഗോഡ് ഉപയോഗിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കളെ കൈയ്യോടെ പിടികൂടി പൊലീസ്. കാസർഗോഡ് പുത്തൂർ ഇഷാം മൻസിലിൽ മുഹമ്മദ് ഇഷാം (ഷമീഹ് 22), തൃശൂർ ചാവക്കാട് മണത്തല മാത്രംകോട്ട് അമൽ (24), ചേർത്തല ത്രിച്ചാട്ടുകുളം കൊല്ല പറമ്പിൽ വീട്ടിൽ അൻസിൽ (23) എന്നിവരാണ് വരാപ്പുഴ പൊലീസിന്റെ പിടിയിലായത്.
വരാപ്പുഴ ചേരപ്പാടം ഭാഗത്തുള്ള സുഫിലിന്റെ വീട്ടിൽ നിന്നും ഡിസംബർ 9ന് രാത്രിയാണ് അമലും അൻസിലും ചേർന്ന് വീടിന്റെ പോർച്ചിൽ പാർക് ചെയ്തിരുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്ക് മോഷ്ടിച്ചത്. മോഷണത്തിന് രണ്ട് ദിവസം മുൻപ് സ്പെയർ കീ കൈക്കലാക്കിയ പ്രതികൾ അതുപയോഗിച്ചാണ് മോഷണം നടത്തിയത്. മറ്റൊരു കീ ഉണ്ടായിരുന്നതിനാൽ ഉടമ ഇക്കാര്യം ശ്രദ്ധിച്ചതുമില്ല.
മോഷണ ശേഷം ഇടനിലക്കാരൻ വഴി ബൈക്ക് ഇഷാമിന്റെ കൈവശം എത്തി. പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് മോഷണം പോയ ബൈക്കുമായി ഇഷാം കാസർകോട് യാത്ര ചെയ്യുന്നതിനിടെ ഒരു ടീച്ചറുടെ വാഹനത്തിൽ ഇടിക്കുന്നത്. അപകട ശേഷം നിർത്താതെ പോയ വാഹനത്തിന്റെ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.
പ്രതികൾ മയക്ക് മരുന്ന്, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മുനമ്പം ഡി.വൈ.എസ്.പി എസ്. ജയകൃഷ്ണന്റെ മേൽനോട്ടത്തിൽ വരാപ്പുഴ ഇൻസ്പെക്ടർ സുധീഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെറി, ബിജു, സുഭാഷ്, എ.എസ്.ഐമാരായ ലോഹിതാക്ഷൻ, ബിജു സീനിയർ സി.പി.ഒമാരായ രാഹുൽ, ജിതിൻ അശോക് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.


