കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. നടവയല്‍ നെയ്ക്കുപ്പ പരേതനായ വെള്ളിലാട്ട് ദിവാകരന്റെ ഭാര്യ ഗംഗാദേവി (48) ആണ് മരിച്ചത്.
കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. നടവയല്‍ നെയ്ക്കുപ്പ പരേതനായ വെള്ളിലാട്ട് ദിവാകരന്റെ ഭാര്യ ഗംഗാദേവി (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സഹോദരി ഭര്‍ത്താവ് കരുണാകരനുമൊത്ത് വീടിനോട് ചേര്‍ന്നുള്ള പാതിരി സൗത്ത് സെക്ഷന്‍ വനത്തില്‍ വിറക് ശേഖരിക്കുകയായിരുന്നു.
ഇതിനിടെയായിരുന്നു ആനയുടെ ആക്രമണം. കാട്ടാന ഓടിയടുക്കുന്നത് കണ്ട് കരുണാകരന്‍ ഗംഗാദേവിയോട് രക്ഷപ്പെടാന്‍ ആക്രോശിച്ചെങ്കിലും മുള്‍ക്കാടുകളിലൂടെ ഓടിമാറാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും അടുത്തെത്തിയ കാട്ടാന ഗംഗ ദേവിയെ മുള്‍പടര്‍പ്പുകള്‍ക്കുള്ളിലിട്ട് ആക്രമിക്കുകയായിരുന്നു.
വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തി ബഹളം വെച്ചതോടെ ആന ഉള്‍ക്കാട്ടിലേക്ക് മറഞ്ഞു. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഗംഗയെ കല്‍പറ്റ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് വൈകുന്നേരം മൂന്ന് മണിയോടെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തരമ നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് നല്‍കിയെ ഉറപ്പിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. മക്കള്‍: ദിവ്യ, ധനേഷ്, ഭാവന. മരുമക്കള്‍: ജയപ്രകാശ്, ബബീഷ്.
പ്രതീകാത്മക ചിത്രം
