വെട്ടുകത്തി വീശി കടയുടമയിൽ നിന്നും പണം കവർന്നയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടലിൽ ചാടി. സംഭവത്തിൽ കഠിനംകുളം പുതുക്കുറിച്ചി സ്വദേശി സുഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: വെട്ടുകത്തി വീശി കടയുടമയിൽ നിന്നും പണം കവർന്നയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടലിൽ ചാടി. സംഭവത്തിൽ കഠിനംകുളം പുതുക്കുറിച്ചി സ്വദേശി സുഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് പുതുക്കുറിച്ചിയിലെ ഒരു കടയുടമയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി 5000 രൂപ ഇയാൾ തട്ടിയെടുത്തു. പിന്നാലെ കടയുടമ കഠിനംകുളം പൊലീസിൽ പരാതി നൽകി. പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടാൻ പോയപ്പോൾ പുതുക്കുറിച്ചിയിലെ ജുബൈറയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
പൊലീസ് പിന്നാലെ എത്തിയപ്പോൾ സമീപത്ത് ഒളിഞ്ഞ് നിന്ന പ്രതി ജുബൈറയുടെ മാല പൊട്ടിച്ച് ഓടി സമീപത്തെ കടലിലേക്ക് ചാടുകയായിരുന്നു. കടലിൽ ഒരു കിലോമീറ്ററോളം നീന്തിയ സുഹൈലിനെ കോസ്റ്റൽ പൊലീസിന്‍റെയും ,നാട്ടുകാരുടെയും സഹായത്തോടെ കഠിനംകുളം പൊലീസ് സാഹസികമായി പിടികൂടി. ഇയാളിൽ നിന്നും മാലയും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാപ്പ കേസിൽ ശിക്ഷയനുഭവിച്ച ഇയാൾക്കെതിരെ കഠിനംകുളം, ചിറയിൻകീഴ് പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുമുണ്ടെന്ന് പൊലീസ് അറിയിച്ചു.
