ആലപ്പുഴ: ഒറ്റപ്പെട്ട പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ വേഗത്തില്‍ രക്ഷപ്പെടുത്താന്‍ ഹോവര്‍ ക്രാഫ്റ്റ് എത്തുന്നു. കോസ്റ്റുഗാര്‍ഡിന്‍റെ പക്കലുള്ള ഏറെ പ്രത്യേകതകളുള്ള ബോട്ടാണ് ഇത്. കരയിലും ജലത്തിലും ഓടിക്കാവുന്ന വാഹനമായതിനാല്‍ ഒറ്റപ്പെട്ട് കിടക്കുന്നവരെ കണ്ടെത്താന്‍ സഹായകമാകും. സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യപ്രകാരമാണ് ബോട്ടുകള്‍ വിട്ട് നല്‍കാന്‍ തീരുമാനിച്ചത്. 

ഇപ്പോള്‍ മംഗലാപുരത്തലുള്ള ഹോവര്‍ക്രാഫ്റ്റ് ആകാശമാര്‍ഗം കേരളത്തില്‍ ഉടനെത്തിക്കാനുള്ള നടപടി സ്വീകരിച്ച് കഴിഞ്ഞു. കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനമായതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും. പ്രധാനമായും കുട്ടനാട് അപ്പര്‍കുട്ടനാട് മേഖലകളിലും വെള്ളം കൂടുതല്‍ പൊങ്ങിയിട്ടുള്ള ജില്ലകളായ എറണാകുളം, ഇടുക്കി, കോട്ടയം പത്തനംതിട്ട എന്നിവിടങ്ങളില്‍ ഇവ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ബോട്ടില്‍ എത്തിച്ചേരാനാകാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഹോവര്‍ക്രാഫ്റ്റ് എത്തിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗത നേടാന്‍ കഴിയുമെന്നതാണ് പ്രത്യേകത.