യുദ്ധവിമാനത്തിനു പുറമേ, കഴിഞ്ഞ ദിവസം വിദഗ്ധ എൻജിനീയർമാരുമായി ബ്രിട്ടനിൽ നിന്നെത്തിയ എയർബസ് എ 400 എം അറ്റ്ലസ് വിമാനത്തിനും ലാൻഡിങ് ചാർജ് നൽകേണ്ടി വരും.
തിരുവനന്തപുരം: ആഴ്ചകളായി രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടിഷ് യുദ്ധവിമാനം തകരാർ പരിഹരിച്ച് തിരികെ പറക്കുമ്പോൾ പാർക്കിങ് ഫീസ്, ലാൻഡിങ് ചാർജ് എന്നിവയടക്കം ബിൽ തുക നൽകേണ്ടി വരും. എഫ് 35 ബി യുദ്ധവിമാനത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോൾ പ്രതിദിന ഫീസ് 10,000 – 20,000 രൂപ വരെയാകാമെന്നാണ് വിവരം. വിമാനം കഴിഞ്ഞ ഇരുപത് ദിവസത്തിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തിലുണ്ട്. വിമാനത്തിന്റെ വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന് പാർക്കിങ് ഫീസ് നിശ്ചയിച്ചിരിക്കുന്നതെന്നതിനാൽ ചുരുങ്ങിയ നിരക്കായ 10,000 രൂപ കണക്കാക്കിയാൽ ഇതുവരെയുള്ള പാർക്കിങ് ഫീസ് രണ്ട് ലക്ഷം കടക്കും. ലാൻഡ് ചെയ്യാൻ 1 – 2 ലക്ഷം രൂപ വരെയാണ് വിമാനത്താവള നടത്തിപ്പുകാർക്കു നൽകേണ്ടത്.
യുദ്ധവിമാനത്തിനു പുറമേ, കഴിഞ്ഞ ദിവസം വിദഗ്ധ എൻജിനീയർമാരുമായി ബ്രിട്ടനിൽ നിന്നെത്തിയ എയർബസ് എ 400 എം അറ്റ്ലസ് വിമാനത്തിനും ലാൻഡിങ് ചാർജ് നൽകേണ്ടി വരും. തകരാർ പരിഹരിച്ചു യുദ്ധവിമാനം തിരികെ പോകുമ്പോഴാണ് പാർക്കിങ്, ലാൻഡിങ് നിരക്കുകൾ അന്തിമമായി നിശ്ചയിക്കുക. പാർക്കിങ് ഫീസ് നിശ്ചയിച്ചിരിക്കുന്നതും വലിപ്പം അടിസ്ഥാനമാക്കിയാണ്.
ബ്രിട്ടനിൽനിന്നെത്തിയ 14 അംഗ വിദഗ്ധ എൻജിനീയർമാരുടെ സംഘം യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രശ്നം ഗുരുതരമായതിനാൽ വിമാനത്തിന്റെ നിർമാതാക്കളായ യുഎസിലെ ലോക്ഹീഡ് മാർട്ടിൻ കമ്പനിയിൽ നിന്നുള്ളവരും സംഘത്തിലുണ്ട്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ എപ്പോൾ പരിഹരിക്കാനാകുമെന്നതിൽ വ്യക്തതയില്ല. എയർ ഇന്ത്യയുടെ ഹാങ്ങറിലേക്കു മാറ്റിയ വിമാനം നിലവിൽ ബ്രിട്ടിഷ് സംഘത്തിന്റെ പൂർണ നിയന്ത്രണത്തിലാണ്.
തകരാർ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ വിമാനത്തിന്‍റെ ചിറകുകൾ മാറ്റി ചരക്കുവിമാനത്തിൽ കൊണ്ടുപോനാകാനും ശ്രമിക്കും. ബ്രിട്ടീഷ് നാവികസേനയുടെ എഫ് 35 യുദ്ധവിമാനം കഴിഞ്ഞമാസം 14നാണ് തിരുവനന്തപുരത്ത് കുടുങ്ങിയത്. ഇന്ത്യ–പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽനിന്നു പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. ഇറക്കുന്നതിനിടെ വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചതിനെ തുടർന്ന് തിരികെപ്പോകാൻ സാധിക്കാതാകുകയായിരുന്നു. രണ്ടാഴ്ചക്കാലം റൺവേയിൽ തന്നെ കിടന്നിരുന്ന വിമാനം ട്രോളുകളിലടക്കം താരമായിരുന്നു.
