സ്വകാര്യ ക്ലിനിക്കിൽ പൂട്ട് കുത്തി തുറന്ന് കവർച്ച, വീഡിയോ

കോഴിക്കോട്: ഉള്ളിയേരി ആനവാതിലിൽ സ്വകാര്യ ക്ലിനിക്കിൽ പൂട്ട് കുത്തി തുറന്ന് മോഷണം. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വീ കെയർ പോളി ക്ലിനിക്കിൽ മോഷണം നടത്തിയത്. രാവിലെ ക്ലിനിക്ക് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. മോഷണത്തിന്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. 

മേശവലിപ്പ് പൊളിച്ച് 20,000 രൂപ മോഷ്ടാക്കൾ കൊണ്ട് പോയി. ഉടമ ബഷീർ പാടത്തൊടി അത്തോളി പൊലിസിൽ പരാതി നൽകി. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ മോഷ്ടാവ് റെയിൻ കോട്ടും ഹെൽമറ്റും ധരിച്ചു തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ്. സി സി ടി വി. ക്യാമറയെ നോക്കി കൈ വീശി കാണിച്ചും ഫ്ലൈം കിസ് നൽകിയും തിരികെ പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മഴയായതിനാൽ കുത്തിപ്പൊളിക്കുന്നതിന്റെ ശബ്ദം പുറത്തേക്ക് കേൾക്കാത്തത് മോഷ്ടാവിന് ഗുണം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പരിസരങ്ങളിൽ മോഷണം നടന്നതായി പരാതിയുണ്ട്.

Read more: ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തു, നോര്‍ത്ത്‌ പറവൂര്‍ സിഐക്കെതിരെ ഡിപ്പാർട്ട്മെന്റ് തല നടപടി ആവശ്യം, പരാതി

അതേസമയം, ആലപ്പുഴയിൽ ആക്രികടകളില്‍ മോഷണം നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. പഞ്ചാബ് സ്വദേശി നീരജ് പ്രസാദ് (29) ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. ചാരുംമൂട്ടിലെ എസ് ആന്‍ഡ് സി എന്ന ആക്രികടയില്‍ നിന്നും 35,000 രൂപ വിലവരുന്ന ഇരുമ്പ് സാധനങ്ങളും ചെമ്പുകമ്പികളും, മോട്ടോർ കോയിലുകളും കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അടഞ്ഞുകിടന്ന ഷോപ്പ് കുത്തിത്തുറന്നാണ് പ്രതി അകത്തു കയറി മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമല്ലാത്ത ഒരു രൂപമാണ് ലഭിച്ചത്. നൂറനാട് പൊലീസിൽ കടയുടമ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി അന്യസംസ്ഥാന തൊഴിലാളി ആണെന്ന് മനസിലാക്കി. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് താമരക്കുളം ഭാഗത്തുള്ള ചുഴലിക്കൽ അമ്മ എന്ന ലോഡ്ജിൽ നിന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.