ലൈഫ് ജാക്കറ്റ് അത് അണിയുന്ന ആളിന് രക്ഷയൊരുക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നീന്തലറിയാത്തവർക്ക് ലൈഫ് ജാക്കറ്റ് രക്ഷാമാർഗമൊരുക്കിയേക്കില്ലെന്നാണ് അഗ്നിശമനാ സേനാ ഉദ്യോഗസ്ഥർ
തിരുവനന്തപുരം: മധ്യപ്രദശിലെ ജബൽപൂരിലുണ്ടായ ബോട്ട് അപകടത്തിൽ ഒരു ലൈഫ് ജാക്കറ്റിനുള്ളിൽ മകനെയും ചേർത്ത് പിടിച്ച അമ്മയുടെ മൃതദേഹം കണ്ടെത്തിയത് രാജ്യത്ത് വലിയ രീതിയിൽ ചർച്ചകൾക്ക് കാരണമായിരുന്നു. മകനെയെങ്കിലും രക്ഷിക്കാനുള്ള അമ്മയുടെ വിഫല ശ്രമം എന്ന രീതിയിലാണ് എഐ ചിത്രങ്ങൾ വലിയ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. എന്നാൽ ഒരു ലൈഫ് ജാക്കറ്റ് അത് അണിയുന്ന ആളിന് രക്ഷയൊരുക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നീന്തലറിയാത്തവർക്ക് ലൈഫ് ജാക്കറ്റ് രക്ഷാമാർഗമൊരുക്കിയേക്കില്ലെന്നാണ് അഗ്നിശമനാ സേനാ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. ബോട്ട് യാത്രകളിൽ ലൈഫ് ജാക്കറ്റ് യാത്ര ആരംഭിക്കുമ്പോൾ മുതൽ തിരികെ കരയിൽ ബോട്ട് എത്തും വരെ ഉപയോഗിക്കുന്നവരുടെ ശരീരത്തിലുണ്ടാവണം. യാത്രയ്ക്കിടയിൽ ഊരി മാറ്റാനോ അലസമായി തുറന്നിടാനോ പാടുള്ളതല്ല. ബോട്ടിലെ എല്ലാ യാത്രക്കാർക്കും ഒരേ അളവിലുള്ള ലൈഫ് ജാക്കറ്റുകളല്ല ഉപയോഗിക്കേണ്ടത്. ആളുകളുടെ ഭാരത്തിന് അനുസരിച്ചുള്ള ലൈഫ് ജാക്കറ്റാണ് ധരിക്കേണ്ടത്. ഐഎസ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ലൈഫ് ജാക്കറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. 120 കിലോ ഭാരമുള്ളയാൾ 100 കിലോ വരെ ഭാരം താങ്ങുന്ന ലൈഫ് ജാക്കറ്റ് അണിയുന്നത് കൊണ്ട് പ്രയോജനമില്ല.
കുട്ടികളുടെ കാര്യത്തിലും ഇത് ബാധകമാണ്. കൃത്യമായ അളവിലുള്ള ലൈഫ് ജാക്കറ്റല്ല കുട്ടികൾ ധരിക്കുന്നതെങ്കിൽ കുട്ടികൾ ജലോപരിതലത്തിൽ പൊന്തിക്കിടക്കുമെങ്കിലും വെള്ളത്തിലേക്ക് ഊർന്ന് പോവാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ കുട്ടികൾക്ക് അവരുടെ അളവിലുള്ള ലൈഫ് ജാക്കറ്റ് ധരിപ്പിക്കേണ്ടത് അതാവശ്യമാണ്. ശരിയായ അളവിലല്ലാത്ത ജാക്കറ്റ് ധരിക്കുന്നത് വെള്ളത്തിൽ വീഴുന്ന സാഹചര്യത്തിൽ ശരീരത്തിൽ നിന്ന് ഊരിപ്പോകാൻ കാരണമായേക്കാം. അതിനാൽ ജാക്കറ്റ് ധരിച്ച ശേഷം അതിലെ ബക്കിളുകളും സ്ട്രാപ്പുകളും മുറുക്കി കൃത്യമാണെന്ന് പരിശോധിക്കണം. പ്രത്യേകിച്ച് കുട്ടികൾക്ക് ജാക്കറ്റ് ധരിപ്പിക്കുമ്പോൾ കാലുകൾക്കിടയിലൂടെയുള്ള സ്ട്രാപ്പുകൾ ഇട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം. ജബൽപൂരിലെ അപകടത്തിൽ ബോട്ട് മുങ്ങാൻ തുടങ്ങിയ സാഹചര്യത്തിലാണ് യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ എറിഞ്ഞു നൽകിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും അഗ്നിരക്ഷാ സേനാ അധികൃതർ വിശദമാക്കുന്നത്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ തന്റെ ലൈഫ് ജാക്കറ്റിനുള്ളിൽ കുഞ്ഞിനെ കൂടി ഉൾപ്പെടുത്തിയതോടെ യുവതി അണിഞ്ഞ ലൈഫ് ജാക്കറ്റ് അതിന്റെ ഭാരപരിധിക്ക് പുറത്തായതാവാം അപകടമുണ്ടായതിന് കാരണമെന്നാണ് അധികൃതർ നിരീക്ഷിക്കുന്നത്.
ചില ബോട്ടുകളിൽ യൂണിവേഴ്സൽ സൈസിലുള്ള ലൈഫ് ജാക്കറ്റുകളാണ് ഉപയോഗിക്കുന്നത്. 40 കിലോ മുതൽ 120 കിലോ വരെ ഭാരമാണ് യൂണിവേഴ്സൽ സൈസ് ലൈഫ് ജാക്കറ്റുകൾക്ക് താങ്ങാനാവുക. ബോട്ടുകളിൽ കുട്ടികളുടെ ലൈഫ് ജാക്കറ്റുകളുണ്ടെന്നുള്ളത് ഉറപ്പാക്കേണ്ടത് ഓപ്പറേറ്റർമാരുടെ ഉത്തരവാദിത്തമാണ്. മൂന്ന് മുതൽ അഞ്ച് വർഷം വരെയാണ് മിക്ക ലൈഫ് ജാക്കറ്റ് കമ്പനികളും വാറന്റി നൽകുന്നത്. ഈ കാലയളവിന് ശേഷം കൃത്യമായ പരിശോധന ലൈഫ് ജാക്കറ്റുകൾക്ക് ആവശ്യമാണ്. 2010ലെ കേരള ഉൾനാടൻ ജലയാന ചട്ടങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്തെ ജലാശയങ്ങളിലെ ബോട്ടുകൾ പ്രവർത്തിക്കുന്നത്. ഇതനുസരിച്ച് യാത്രാബോട്ടുകൾ, ഹൗസ്ബോട്ടുകൾ, വിനോദസഞ്ചാരത്തിനുള്ള ബോട്ടുകൾ ഇവയിലെല്ലാം അനുവദിക്കപ്പെട്ട യാത്രക്കാർക്കെല്ലാം ആവശ്യമായ ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരിക്കണം. കൂടാതെ മൊത്തം യാത്രക്കാരുടെ എണ്ണത്തിൻ്റെ 10 ശതമാനം കുട്ടികൾക്കുള്ള ചെറിയ ലൈഫ് ജാക്കറ്റുകളും ഉണ്ടായിരിക്കണം. ഓരോ ലൈഫ് ജാക്കറ്റിലും രാത്രിയിൽ കാണാൻ സഹായിക്കുന്ന റിഫ്ലക്ടീവ് ടേപ്പും, ഒപ്പം ഒരു വിസിലും ഉണ്ടായിരിക്കണം. ജാക്കറ്റുകൾ കേടായതല്ലെന്നും വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ ശേഷിയുള്ളതാണെന്നും കൃത്യസമയത്ത് പരിശോധിക്കണം. ഒരു ലൈഫ് ജാക്കറ്റ് ധരിക്കുന്ന ആളിന്റെ അളവിനുള്ളതാണോയെന്ന് മനസിലാക്കാൻ ധരിച്ച് സിപ്പുകളും ബക്കിളുകളും ഇട്ട ശേഷം കൈകൾ ഉയർത്തി നോക്കുക. ജാക്കറ്റ് മുഖത്തേക്ക് തള്ളിക്കയറി വരുന്നുണ്ടെങ്കിൽ അത് ധരിക്കുന്നയാൾക്ക് അയഞ്ഞതാണ് എന്ന് മനസിലാക്കാൻ സാധിക്കും. കേരളത്തിൽ അടക്കം മിക്കയിടങ്ങളിലും കൃത്യമായ ഇടവേളകളിൽ ലൈഫ് ജാക്കറ്റുകളുടെ പ്രവർത്തന ക്ഷമത അടക്കമുള്ളവ പരിശോധിക്കപ്പെടുന്നില്ലെന്നാണ് അഗ്നിശമനാ അധികൃതർ വിലയിരുത്തുന്നത്. അപകടം ഉണ്ടായ ശേഷം കുറച്ച് കാലം പരിശോധനകൾ കർശനമാണെങ്കിലും പിന്നീട് ഇത്തരം പരിശോധനകളിലും പാകപ്പിഴയുണ്ടാവാറുണ്ടെന്നും അധികൃതർ നിരീക്ഷിക്കുന്നത്.
യാത്രയിലുടനീളം ലൈഫ് ജാക്കറ്റ് ധരിക്കുക എന്നത് കേവലം ഒരു നിർദ്ദേശമല്ല, മറിച്ച് ജീവൻ രക്ഷിക്കാനുള്ള നിയമപരമായ ബാധ്യതയാണെന്ന് മാരിടൈം ബോർഡ് വ്യക്തമാക്കുന്നത്. പലപ്പോഴും ബോട്ട് അപകടങ്ങളിൽ മരണകാരണമാകുന്നത് ലൈഫ് ജാക്കറ്റിന്റെ അഭാവമോ അല്ലെങ്കിൽ അത് തെറ്റായ രീതിയിൽ ധരിക്കുന്നതോ ആണെന്നും മാരിടൈം ബോർഡ് വിശദമാക്കുന്നത്. യാത്രയ്ക്കിടയിൽ ബോട്ടിന്റെ വശങ്ങളിലേക്ക് ആൾക്കാർ കൂട്ടമായി നിൽക്കുന്നത് ബാലൻസ് തെറ്റാൻ ഇടയാക്കും. ഇത്തരം പ്രവണതകൾ ഒഴിവാക്കി ബോട്ടിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ യാത്രക്കാരുടെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടാവേണ്ടതുണ്ട്. ഇന്ത്യയിലെ നിയമപ്രകാരം ഡി.ജി ഷിപ്പിംഗ് അംഗീകരിച്ച ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ മാത്രമേ ബോട്ടുകളിൽ ഉപയോഗിക്കാൻ പാടുള്ളൂ. സുരക്ഷാ മുൻകരുതലുകൾ അവഗണിക്കുന്ന ബോട്ടുടമകൾക്കെതിരെയും യാത്രക്കാർക്കെതിരെയും കർശന നിയമനടപടികളെടുക്കാനും അധികൃതർക്ക് സാധിക്കും.


