മാന്നാർ: മാന്നാറിലെ അലിൻഡ് സ്വിച്ച് ഗിയർ ഡിവിഷൻ പ്ലാന്റിനുള്ളിൽ വൻ തീപിടുത്തം. 25 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി അധികൃതർ അറിയിച്ചു. ഇന്ത്യൻ റെയിൽവേയ്ക്ക് ഇലക്ട്രിക് ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന മാന്നാർ അലിൻഡ് സ്വിച്ച് ഗിയർ ഫാക്ടറിയുടെ അസംസ്കൃത വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത്. 

ശനിയാഴ്ച പുലർച്ചെ 4.20 ഓടെയാണ് വൻ ശബ്ദത്തോടെയുള്ള സ്ഫോടനവും തീപിടുത്തവും ഉണ്ടായത്. രാത്രി ഷിഫ്റ്റിൽ ഉണ്ടായിരുന്ന ജോലിക്കാരാണ് മാന്നാർ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചത്. ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുമുള്ള അഗ്നിശമന സേനകളും കമ്പനി ജീവനക്കാരും നാട്ടുകാരും മാന്നാർ എമർജൻസി റെസ്ക്യൂ ടീം അംഗങ്ങളും ഉൾപ്പെടെ നൂറിൽ പരം ആളുകൾ വളരെയേറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

ഇലക്ട്രിക്ക് ഷോർട് സർക്യൂട്ട് മൂലമാണ് തീയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പെയിന്റ്, ഡീസൽ, ഓയിൽ, ആസിഡ്, കാലിസോൾവ്, ഗ്യാസ് സിലണ്ടർ, തടിയിൽ നിർമിച്ച പെട്ടികൾ, കംപ്യൂട്ടറുകൾ എന്നിവയാണ് ഈ മുറിയിൽ സൂക്ഷിച്ചിരുന്നത്. തീപിടിച്ച് വസ്തുക്കൾ പൂർണമായും കത്തിയമർന്നു. 

രാത്രിയിൽ ഡ്യൂട്ടിയിലുള്ള ജോലിക്കാർ ശബ്ദം കേട്ട് പുറത്തേക്കോടി വെള്ളംകോരി ഒഴിച്ചെങ്കിലും ഫലമുണ്ടായില്ല. ചുട്ടുപഴുത്ത ഇരുമ്പുകളിൽ നിന്നും അസഹ്യയമായ ചൂടും പരിസരമാകെ രൂക്ഷഗന്ധവുമാണ് അനുഭപ്പെട്ടത്. മാന്നാർ സി ഐ ജോസ്മാത്യൂവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംഭവ സ്ഥലത്തെത്തി. ചെങ്ങന്നൂർ എ എസ് ഓ ശംഭൂ നമ്പൂതിരി, മാവേലിക്കര എ എസ് ഓ ഷാജി, തിരുവല്ല എ എസ് ഓ രാജേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ മൂന്നു യൂണിറ്റുകളും വളരെയധികം പണിപ്പെട്ടാണ് തീയണച്ചത്. 

ഇന്ത്യൻ റെയിൽവേയ്ക്ക് ഉൾപ്പെടെ ഇലക്ട്രിക് ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന കമ്പനിയാണ് അലിൻഡ് സ്വിച്ച് ഗിയർ ഫാക്ടറി. ചെങ്ങന്നൂർ ഫയർ സ്റ്റേഷനിൽ നിന്ന് രണ്ടു വർഷം മുൻപ് അഗ്നിശമന ഉപകരണങ്ങൾ ഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും കമ്പനി വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന ആരോപണമുണ്ട്. ജില്ലാ ഫയർ ഓഫീസർ അഭിലാഷ് കെ ആർ സ്ഥലം സന്ദർശിച്ചു അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ചെങ്ങന്നൂർ എ എസ് ഓ ശംഭൂ നമ്പൂതിരിക്കു നിർദ്ദേശം നൽകി.