തൃശൂരിൽ ദേശീയപാത നിർമ്മാണത്തിനിടെ അടിപ്പാതയിലെ കൂറ്റൻ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് പതിച്ചു. വാഹനയാത്രികർ തലനാരിഴക്ക് രക്ഷപ്പെട്ട ഈ സംഭവം, അശാസ്ത്രീയ നിർമ്മാണ രീതികൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് ശക്തിപകരുന്നു. 

തൃശൂര്‍: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി അടിപ്പാതയില്‍ സ്ഥാപിച്ച പാര്‍ശ്വഭിത്തിയിലെ കൂറ്റന്‍ സ്ലാബ് സര്‍വീസ് റോഡിലേക്ക് പതിച്ചു. ഈ സമയം റോഡിലൂടെ പോയ വാഹനയാത്രികര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. അടിപ്പാത നിര്‍മ്മാണത്തിനായി മണ്ണടിച്ച് ഉയര്‍ത്തിയ ഭാഗത്ത് സ്ഥാപിച്ച കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തികളിലൊന്നാണ് താഴേക്ക് വീണത്. ചാലക്കുടിയിലേക്കുള്ള ട്രാക്കില്‍ മുരിങ്ങൂരിന് സമീപത്താണ് കോണ്‍ക്രീറ്റ് സ്ലാബ് സര്‍വീസ് റോഡിലേക്ക് വീണത്.

ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. ചിറങ്ങരയില്‍ ആഴ്ചകള്‍ക്ക് മുമ്പ് മൂന്ന് തവണ പാര്‍ശ്വ ഭിത്തി സര്‍വീസ് റോഡിലേക്ക് വീണിട്ടുണ്ട്. അശാസ്ത്രീയമായ നിര്‍മ്മാണമാണ് ഇതിന് കാരണമെന്നാണ് ആരോപണം. മണ്ണിട്ട് റോഡ് ഉയര്‍ത്തുമ്പോള്‍ സ്വീകരിക്കേണ്ടതായ ശാസ്ത്രീയ നിര്‍മ്മാണ രീതികള്‍ ഇവിടെ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. പാര്‍ശ്വ ഭിത്തികള്‍ വീഴുമ്പോള്‍ ഉടന്‍ അത് സര്‍വീസ് റോഡില്‍നിന്നും നീക്കം ചെയ്ത് വീണ്ടും ഘടിപ്പിക്കുന്നത് മാത്രമാണ് ഇവിടെ നടക്കുന്നത്.

മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെ വാഹനങ്ങള്‍ പോകുന്ന സമയത്താണ് ഇവിടെ പാര്‍ശ്വ ഭിത്തികള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ നടക്കുന്നത്. ചിറങ്ങരയില്‍ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ പ്രവര്‍ത്തി നടത്തിയതിനെ തുടര്‍ന്ന് ഒരു തൊഴിലാളിയുടെ ദേഹത്തേക്ക് സ്ലാബ് വീണ സംഭവം വരെയുണ്ടായിട്ടുണ്ട്. ചിറങ്ങരയില്‍ പ്രവര്‍ത്തികള്‍ നടക്കുന്ന സമയത്താണ് മൂന്നിലധികം തവണ പാര്‍ശ്വഭിത്തിയിലെ സ്ലാബ് വീണത്. എന്നാല്‍ മുരിങ്ങൂരില്‍ ദിവസങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച സ്ലാബാണ് പാര്‍ശ്വഭിത്തിയില്‍നിന്നും അടര്‍ന്ന് വീണത്.

സര്‍വീസ് റോഡിലെ കാനകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ലാബ് ഒടിഞ്ഞ് വീഴുന്നത് നിത്യസംഭവമാണ്. ഇരുചക്ര വാഹനയാത്രികരാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ വിലയിരുത്താനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തില്ല.