Asianet News MalayalamAsianet News Malayalam

സന്ദര്‍ശക തിരക്കില്‍ കുരുങ്ങി മൂന്നാര്‍; ഗതാഗത നിയന്ത്രണത്തിന് 'പ്ലാനില്ലാതെ' പൊലീസ്

റോഡുകളുടെ ശോചനീയവസ്ഥയും വാഹനങ്ങളുടെ അശാസ്ത്രീയമായ പാര്‍ക്കിംഗും, നടപ്പാപാതകളുടെ അപര്യാപ്തതും മൂന്നാറിന്‍റെ ടൂറിസം വികസന മോഹങ്ങള്‍ക്ക് തടസമാവുകയാണ്.

huge traffic block in munnar tourism destinations
Author
Munnar, First Published Oct 8, 2019, 5:06 PM IST

ഇടുക്കി: മൂന്നാറില്‍ സന്ദര്‍ശകരുടെ തിരക്കേറിയതോടെ ഗതാഗതകുരുക്കും മുറുകുന്നു. തിരക്ക് കൂടിയിട്ടും ഗതാഗത നിയന്ത്രണത്തിന്  ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ പൊലീസ് തയ്യാറാവാത്തത് പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ബ്ലോക്കാണ് ഉണ്ടാക്കുന്നത്. ബൈപ്പാസുകളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിടുമ്പോഴും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് വാഹനങ്ങള്‍ കടത്തിവിടാന്‍ ശ്രമിക്കാത്തതാണ് ഗതാഗത കുരുക്കിന് ഇടയാക്കുന്നത്. ഗതാഗത നിയന്ത്രണത്തിന് സംവിധാനമൊരുക്കാത്ത പൊലീസിനെതിരെ വലിയ വിമര്‍ശനമുയരുന്നുണ്ട്.

കഴിഞ്ഞ രണ്ടുദിവസം എത്തിയ സന്ദര്‍ശകരുടെ തിരക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ പ്രധാനവിനോദസഞ്ചാര മേഖലയായ മൂന്നാര്‍. റോഡുകളുടെ ശോചനീയവസ്ഥയും വാഹനങ്ങളുടെ അശാസ്ത്രീയമായ പാര്‍ക്കിംഗും, നടപ്പാപാതകളുടെ അപര്യാപ്തതും മൂന്നാറിന്‍റെ ടൂറിസം വികസന മോഹങ്ങള്‍ക്ക് തടസമാവുകയാണ്. പ്രളയത്തെ തുടര്‍ന്ന് നിശ്ചലമായ മൂന്നാറില്‍ സന്ദശകരുടെ ഒഴുക്ക് വീണ്ടും എത്തിയത് വ്യാപാരമേഖലയ്ക്ക് ഉണര്‍വേകുന്നുണ്ടെങ്കിലും ഗതാഗത കുരുക്ക് വലിയ പ്രശ്നമാണ് സൃഷ്ഠിക്കുന്നത്.

പൂജ അവധി പ്രമാണിച്ച് മൂന്നാറിലെത്തിയവര്‍ ടൗണില്‍ നിന്നും മാട്ടുപ്പെട്ടി വരെ എത്തുന്നതിന് മൂന്നുമണിക്കൂറാണ് എടുക്കുന്നത്.  തിരക്ക് മുന്‍കൂട്ടികണ്ട് മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പൊലീസ്  കാട്ടുന്ന നിസംഗതയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ബൈപ്പാസുകളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞെങ്കിലും റോഡ് ഉപയോഗപ്പെടുത്താന്‍ അധിക്യതര്‍ കഴിഞ്ഞിട്ടില്ല. 

പഴയമൂന്നാറില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ മൂന്നാര്‍ ടൗണിലൂടെ കടത്തിവിട്ട് ,  ടൗണില്‍ നിന്നും മടങ്ങുന്ന വാഹനങ്ങള്‍ പോസ്റ്റോഫീസ് കവലയിലൂടെ കടത്തി വിട്ടാല്‍ ഗതാഗത കരുക്ക് ഒഴിവാക്കാനകും. അശാസ്ത്രീയമായി വഴിയോരങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ മാറ്റിയാലും ഗതാഗതകുരുക്ക് പരിഹരിക്കാം.

മാട്ടുപ്പെട്ടി ഫ്‌ളൈ ഓവര്‍ ഗാര്‍ഡന് സമീപത്ത് കമ്പനി അധിക്യതര്‍ നിര്‍മ്മിച്ചിരിക്കുന്ന പാര്‍ക്കിംങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അങ്ങനെ സംവിധാനമൊരുക്കിയാല്‍ മാട്ടുപ്പെട്ടി റോഡിലെ കുരിക്കിന് ശമനമാകും. ഇത്തരം നിസാരകാര്യങ്ങള്‍ പോലും അധിക്യതര്‍ക്ക് ചെയ്യാന്‍ കഴിയാത്തതാണ് മൂന്നാലെ ട്രാഫിക്ക് കുരുക്കിന്‍റെ യഥാര്‍ത്ഥ കാരണം.

Follow Us:
Download App:
  • android
  • ios