കായംകുളം: മനുഷ്യമുഖത്തോട് സാമ്യമുള്ള ചിലന്തി നാട്ടുകാരില്‍ കൗതുകമുണര്‍ത്തി. എംഎസ്എം കോളേജിന് സമീപമുള്ള കളീക്കല്‍ വാഹിദിന്റെ വീട്ടിലാണ് ചിലന്തിയെ കണ്ടത്. ഇന്ന് രാവിലെ 11.30 ഓടെ വാഹിദിന്റെ ഭാര്യ മുറികള്‍ വൃത്തിയാക്കിയപ്പോഴാണ്  ചിലന്തിയെ കണ്ടത്. ചിലന്തിവല നീക്കം ചെയ്യവെ ഇത് താഴെ വീഴുകയായിരുന്നു. 

സംശയം തോന്നി സൂക്ഷിച്ചു നോക്കിയപ്പോഴാണ് മറ്റ് ചിലന്തികളില്‍ നിന്നും ഇതിന് വ്യത്യസ്ഥതയുള്ളതായി തോന്നിയത്. കൂടുതല്‍ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ്  ചിലന്തിയുടെ പുറക് വശത്തുള്ള മനുഷ്യരൂപം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ മൊബൈലില്‍ ഇതിന്റെ ചിത്രമെടുത്തു. വിവരമറിഞ്ഞ് ചിലന്തിയെ കാണാന്‍ അയല്‍വാസികള്‍ എത്തിയപ്പോഴേക്കും ചിലന്തി രക്ഷപ്പെട്ടു. 1890 മുതല്‍ ഇത്തരത്തില്‍ മനുഷ്യമുഖത്തോട് സാമ്യമുള്ള ശരീരങ്ങളോടെയുള്ള ചിലന്തികളെ കണ്ടെത്തിയിരുന്നു. വിഷമുള്ളതും ഇല്ലാത്തതുമായി ചിലന്തികളില്‍ ഇത്തരത്തില്‍ മനുഷ്യമുഖങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.