കരമന: തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന്റെ ഇടപെടല്‍ വൈകിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നേരത്തെ വിവരമറിയിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ ശേഷമാണ് പൊലീസ് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പ്രതികരിച്ചിരുന്നു. പൊലീസ് തുടക്കത്തില്‍ അന്വേഷണത്തില്‍ സജീവമായിരുന്നില്ലെന്ന് യുവാവിന്റെ ബന്ധുക്കളും ആരോപിച്ചിരുന്നു. 

യുവാവിന്റെ മൃതദേഹവും ബൈക്കും ആദ്യം കണ്ടെത്തിയത് അനന്ദു ഗിരീഷിന്റെ സുഹൃത്തുക്കളായിരുന്നു.  അനന്ദുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ദേശീയ പാതയ്ക്ക് സമീപമുള്ള കാട്ടില്‍ യുവാക്കള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. ദേശീയപാതയില്‍ നീറമണ്‍കരയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ കൊണ്ടുവന്ന് മൃഗീയമായി മർദ്ദിച്ചാണ് അനന്ദുവിനെ കൊലപ്പെടുത്തിയത്. 

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അനന്ദുവിൻറെ രണ്ട് കൈ ഞരമ്പുകളും മുറിച്ചു. കണ്ണുകളിൽ സിഗരറ്റ് വച്ച് പൊള്ളിച്ചു. അനന്ദുവിന്റെ തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള  5 പരിക്കുകളാണ് ഉള്ളത്. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.