ആലപ്പുഴ: 2007 ല്‍ മരിച്ച ഭര്‍ത്താവിന്റെ അവകാശ സര്‍ട്ടിഫിക്കേറ്റ് 2020 ലും നല്‍കിയില്ലെന്ന പരാതിയില്‍ ആര്‍ഡിഒ അടിയന്തിരമായി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആലപ്പുഴ ആര്‍ഡിഒക്ക് പുറമേ ജില്ലാ മെഡിക്കല്‍ ഓഫീസറും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. 

മാന്നാര്‍ സ്വദേശിനി മണി ഗോപി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന കാലത്താണ് ഹൃദ് രോഗം കാരണം ഗോപി മരിച്ചത്. അധികൃതര്‍ അവകാശ സര്‍ട്ടിഫിക്കേറ്റ് നല്‍കാതെ വന്നപ്പോള്‍ പരാതിക്കാരി മന്ത്രിയെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു. പട്ടിക വിഭാഗക്കാരിയായ പരാതിക്കാരി മുട്ടാത്ത വാതിലുകളില്ല. സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതു കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവിന്റെ യാതൊരു ആനുകൂല്യവും ഭാര്യക്ക് ലഭിച്ചിട്ടില്ല. 

അവകാശ സര്‍ട്ടിഫിക്കേറ്റിന് അപേക്ഷ നല്‍കിയാല്‍ അത് നിഷേധിക്കാന്‍ പാടില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മരിച്ചയാളുടെ ഭാര്യക്കോ മക്കളില്‍ ഒരാള്‍ക്കോ ആശ്രിത നിയമനത്തിനും അര്‍ഹതയുള്ളതായി കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ആര്‍ഡിഒയും ഡിഎംഒയും 30 ദിവസത്തിനകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.