ആലപ്പുഴ: വിവാഹിതയായ മകളെ ഭർത്താവിന്റെ വീട്ടിൽ നിന്നു കാണാതായെന്ന പരാതിയുമായി മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയ അമ്മയെ ഭീഷണിപ്പെടുത്തി തിരിച്ചയച്ച മണ്ണഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യവകാ കമ്മീഷൻ.

 28 ന് 11 ന് ആലപ്പുഴ ഗവ. ഗസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് നിർദ്ദേശം നൽകിയത്. മാരാരിക്കുളം പൊള്ളേത്തൈ സ്വദേശിനി സരസമ്മ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സരസമ്മയുടെ മകളെ ഭർത്താവായ ആര്യങ്കര സ്വദേശി സതീഷ് ബാബുവിന്റെ വീട്ടിൽ നിന്നാണ് ജനുവരി 27 മുതൽ കാണാതായത്. 

ഇവർക്ക് 12 വയസ്സുള്ള ഒരു മകളുണ്ട്. ഒന്നരവർഷം മുമ്പ് മകൾ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും മാനസിക ശാരീരിക പ്രയാസങ്ങൾ അനുഭവിച്ചിരുന്നതായും പരാതിയിൽ പറയുന്നു. 

പരാതിയുമായി ചെന്നപ്പോൾ പരാതിയിൽ ഉറച്ചു നിൽക്കരുതെന്ന് മണ്ണഞ്ചേരി എസ്എച്ച്ഒ തങ്ങളെ ഭീഷണിപ്പെടുത്തിയതായി സരസമ്മ പറയുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.