ഇതിനായി വിവിധ വകുപ്പുകളില്‍ നി ന്നു വിവരശേഖരണം നടത്തും. വനിതാ-ശിശുക്ഷേമ വകുപ്പുമായി സഹകരിച്ച് വിപുലമായ കൗണ്‍സലിങ്, ബോധവല്‍ക്കരണം എന്നിവ നടത്തും. 

കല്‍പ്പറ്റ: ജില്ലയിലെ പുല്‍പ്പള്ളി അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ രണ്ട് മാസത്തിനിടെ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യാന്‍ ഇടയായ സാഹചര്യത്തെ കുറിച്ച് വിശദമായി പഠിക്കുമെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ അംഗം കെ. ബൈജുനാഥ്. പുല്‍പ്പള്ളിയില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട്ടിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. വ്യത്യസ്ത കാരണങ്ങളാണ് മരണത്തിന് പിന്നിലുള്ളത്. വിശദമായി അന്വേഷിക്കാനാണ് കമ്മീഷന്റെ തീരുമാനം. ഇതിനായി വിവിധ വകുപ്പുകളില്‍ നി ന്നു വിവരശേഖരണം നടത്തും. വനിതാ-ശിശുക്ഷേമ വകുപ്പുമായി സഹകരിച്ച് വിപുലമായ കൗണ്‍സലിങ്, ബോധവല്‍ക്കരണം എന്നിവ നടത്തും.

പെണ്‍കുട്ടികളിലെ മാനസികാരോഗ്യക്കുറവാണ് പ്രധാന കാരണം. മാതാപിതാക്കളും സമൂഹവും വിദ്യാഭ്യാസം നല്‍കുന്നവരും പെണ്‍കുട്ടികളുടെ കാര്യത്തില്‍ കാര്യമായ ശ്രദ്ധയും കരുതലും പുലര്‍ത്തണം. ലോക്ഡൗണ്‍ കാലത്ത് ഏകാന്തതയും വിരസതയും കുട്ടികളില്‍ ആത്മ വിശ്വാസക്കുറവിന് കാരണമായിട്ടുണ്ടായിരിക്കാമെന്നാണ് കമ്മീഷന്‍ അഭിപ്രായപ്പെടുന്നത്. ഏത് പ്രതിസന്ധികളെയും നേരിടാനും തരണം ചെയ്യാനുമുള്ള മനക്കരുത്ത് ഉണ്ടാക്കണം. ഇതിനുള്ള സഹായങ്ങള്‍ വീടുകളിലുണ്ടാവണം. മക്കളുടെ ഭാവിയെക്കുറിച്ച് മാതാപിതാക്കളിലുണ്ടാകുന്ന ആശങ്കയും ഇല്ലാതാക്കണം.

കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിനും സമൂഹത്തിനും പരാതികളുണ്ടെങ്കില്‍ നീതിപൂര്‍വമായ അന്വേഷണം നടത്താനും കമ്മിഷന്‍ അംഗം നിര്‍ദേശിച്ചു. മരിച്ച കുട്ടികളുടെ വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നുമായി മനുഷ്യവകാശ കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിച്ചു. 20 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത് സംബന്ധിച്ച് പനമരം ബ്ലോക് പഞ്ചായത്തംഗം പി.ഡി. സജിയാണ് മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കിയത്. പുല്‍പ്പള്ളി മേഖലയില്‍ മാത്രം രണ്ട് മാസത്തിനിടെ മൂന്ന് വിദ്യാര്‍ഥിനികളാണ് ജീവനൊടുക്കിയത്. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും കൗണ്‍സിലിങിന് ശിപാര്‍ശ ചെയ്യാനും പോലീസ്, വനിത-ശിശു ക്ഷേമ വകുപ്പ് എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് തേടാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona