Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ പുള്ളിമാനിനെ വേട്ടയാടിയവരെ വീട്ടില്‍ നിന്ന് പൊക്കി വനംവകുപ്പ്

മാനിനെ വെടിവയ്ക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്കും ഇവര്‍ ഉപയോഗിച്ച ജീപ്പും ബൈക്കുമുള്‍പ്പടെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

hunting team arrested in wayanad
Author
Wayanad, First Published Oct 9, 2021, 6:56 AM IST

ബത്തേരി: പുള്ളിമാനിനെ വേട്ടയാടിയെന്ന(hunting team) രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍(forest department) വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ പിടിയിലായി(arrest). പുല്‍പ്പള്ളിക്കടുത്ത ചാമപ്പാറ തട്ടുപുരക്കല്‍ വീനിഷ്, ശശിമല പൊയ്കയില്‍ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. 

ഇക്കഴിഞ്ഞ ആറാം തീയ്യതിയാണ്  ചെതലയം റെയ്ഞ്ചിന്റെ പരിധിയില്‍ വരുന്ന വിനീഷിന്റെ കൃഷിയിടത്തിലെത്തിയ പുള്ളിമാനെ ഇവര്‍ വേട്ടയാടിയത്. പിന്നീട് ചെതലയം റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. 

വിനീഷിന്റെ വീട്ടില്‍ നിന്നും ഏകദേശം നാല് കിലോയോളം വരുന്ന ഉണക്കിയതും മൂന്ന് കിലോ റെഫ്രിജറേറ്ററില്‍ സൂക്ഷിച്ച നിലയിലുമുള്ള മാനിറച്ചിയാണ് പിടിച്ചെടുത്തിരിക്കുന്നത്. മാനിനെ വെടിവയ്ക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്കും ഇവര്‍ ഉപയോഗിച്ച ജീപ്പും ബൈക്കുമുള്‍പ്പടെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

മാനിന്റെ തോലും മറ്റു അവശിഷ്ടങ്ങളും പുഴയില്‍ ഒഴുക്കി കളയുകയായിരുന്നു. ചെതലയം റെയ്ഞ്ചര്‍ കെ.പി. അബ്ദുള്‍ സമദ്, പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ സുനില്‍കുമാര്‍, ഫോറസ്റ്റര്‍ മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
 

Follow Us:
Download App:
  • android
  • ios