ഞായറാഴ്ച വൈകീട്ട് ഏഴരയോടെ മൂലമറ്റം ടൗണിന് സമീപമാണ് സുജാത അപകടത്തില്‍പ്പെട്ടത്. 

മൂലമറ്റം: ഭര്‍ത്താവിനെ അന്വേഷിച്ച് ഇറങ്ങിയ വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു. കാണാതായ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. നീറണാകുന്നേല്‍ ചിദംബരത്തെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന് 75 വയസായിരുന്നു. മൂലമറ്റത്തെ രതീഷ് പ്രസിന്‍റെ ഉടമയാണ്. ഇദ്ദേഹത്തിന്‍റെ ഭാര്യ സുജാതയാണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. ഇവര്‍ക്ക് എഴുപത്തിരണ്ട് വയസായിരുന്നു. സ്വന്തം പ്രസിന് അടുത്തുള്ള കിണറിന്‍റെ പൈപ്പില്‍ തൂങ്ങിയ നിലയിലാണ് ചിദംബരത്തിന്‍റെ മൃതദേഹം കാണപ്പെട്ടത്.

ഞായറാഴ്ച വൈകീട്ട് ഏഴരയോടെ മൂലമറ്റം ടൗണിന് സമീപമാണ് സുജാത അപകടത്തില്‍പ്പെട്ടത്. ഭര്‍ത്താവ് സന്ധ്യയായും മടങ്ങിവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് പോയ സുജാതയെ ചെറാടി സ്വദേശി ദിലുവിന്‍റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. 

തുടര്‍ന്ന് മരണവിവരം അറിയിക്കാന്‍ ചിദംബരത്തെ നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് രാത്രി 10 മണിയോടെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുജാതയെ ഇടിച്ച ബൈക്കിന്‍റെ ഉടമയായ ദിലുവിനും അപകടത്തില്‍ സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. സുജാത ചിദംബരം ദമ്പതികള്‍ക്ക് കല, രതീഷ് എന്നിങ്ങനെ രണ്ടുമക്കളാണ്. ഇതില്‍ രതീഷ് നേരത്തെ മരണപ്പെട്ടിരുന്നു.