ഇടുക്കി:  ജില്ലയില്‍ 99 ശതമാനം ആളുകള്‍ക്കും പ്രളയദുരിതാശ്വാസം വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് 99 ശതമാനം പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്‍റെ നേതൃത്തത്തില്‍ നിര്‍മിച്ച വീടിന്‍റെ താക്കോല്‍ദാന കര്‍മത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇനിയും ആര്‍ക്കെങ്കിലും പ്രളയദുരിതാശ്വാസം സംബന്ധിച്ച് പരാതി ഉണ്ടെങ്കില്‍ നേരിട്ട് തന്നെ കണ്ട് പരാതി സമര്‍പ്പിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ ഫ്രാന്‍സിസ് ഇടവക്കണ്ടം അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത വികാരി ജനറല്‍ മോണ്‍. അബ്രാഹം പുറയാറ്റ് അനുഗ്രഹ പ്രഭാഷണവും താക്കോല്‍ദാനവും നിര്‍വഹിച്ചു. 

സ്‌നേഹഭവനം പദ്ധതിയിലൂടെ സ്‌കൂള്‍ അധ്യാപകരുടെയും പിറ്റിഎയുടെയും സന്നദ്ധ സംഘടനയായ ഹോപിന്‍റെയും സംയുക്ത സഹകരണത്തോടെയാണ് വീട് നിര്‍മിച്ച് നൽകുന്നത്. ആദ്യഘട്ടത്തില്‍ പണി പൂര്‍ത്തികരിച്ച രണ്ട് വീടുകളുടെ താക്കോല്‍ദാനമാണ് നിര്‍വഹിച്ചത്.  സ്‌നേഹഭവനത്തിന് സൗജന്യമായി സ്ഥലം നല്‍കിയ ജിബി കുളത്തിനാല്‍, ലാല്‍-നിഷ ദമ്പതികള്‍, എസ്എബിഎസ് ആരാധനാ സമൂഹം തുടങ്ങിയവരെ  ആദരിച്ചു.