കഴിഞ്ഞ പത്തുമാസത്തിനിടെ പുലിയുടെ ആക്രമണത്തില്‍ ഒന്‍പതോളം കറവ പശുക്കളെയാണ് തൊഴിലാളികള്‍ക്ക് നഷ്ടമായത്...

ഇടുക്കി: പുലിയുടെ ആക്രമണം ഭയന്ന് കന്നുകാലികളെ കൂട്ടത്തോടെ കച്ചവടം നടത്താനൊരുങ്ങി എസ്‌റ്റേറ്റ് തൊഴിലാളികള്‍. കണ്ണന്‍ ദേവന്‍ കമ്പനിയുടെ കീഴിലെ ആറോളം ഡിവിഷനിലെ തൊഴിലാളികളാണ് പശുക്കളെ കൂട്ടമായി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ പത്തുമാസത്തിനിടെ പുലിയുടെ ആക്രമണത്തില്‍ ഒന്‍പതോളം കറവ പശുക്കളെയാണ് തൊഴിലാളികള്‍ക്ക് നഷ്ടമായത്. ഇതോടെയാണ് പശുക്കളെ കൂട്ടത്തോടെ വ്യാപാരം നടത്താൻ തൊഴിലാളികള്‍ നിര്‍ബന്ധിതമായത്. 

ഗൂഡാര്‍വിള നെറ്റിക്കുടി അരുവിക്കാട് മേഖലകളില്‍ പുലിയുടെ ആക്രണം പതിവായിരിക്കുന്നത്. വൈകുന്നേരം ആകുന്നതോടെ വീടിന് സമീപത്ത് മേയാന്‍ പോകുന്ന പശുക്കളെ പുലി ആക്രമിച്ച് കൊലപ്പെടുത്തുകതയാണ്. നെറ്റിക്കുടി സൂപ്രവൈസര്‍ മുരകയ്യയുടെ മൂന്നുമാസം ഗര്‍ഭിയായ പശുവിനെ കഴിഞ്ഞ ദിവസം പുലി കൊന്നിരുന്നു. പ്രശ്‌നത്തില്‍ വനംവകുപ്പ് നടപടികള്‍ സ്വീകരിക്കാത്തതും നഷ്ടപരിഹാരം ക്യത്യമായി ലഭിക്കാത്തതുമാണ് തൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. 

തെയിലത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ കുട്ടികളുടെ പഠനത്തിനും മറ്റ് ഇതര ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് അടുക്കള ക്യഷി ചെയ്തും കന്നുകാലികളെ വളര്‍ത്തിയുമാണ്. എന്നാല്‍ കാട്ടാനയുടെ ശല്യം രൂക്ഷമായതോടെ പലരും ക്യഷി നിര്‍ത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പുലിയുടെ ആക്രമണത്തില്‍ പശുക്കള്‍ കൊല്ലപ്പെടുന്നത് പതിവായതോടെയാണ് കന്നുകാലി വളര്‍ത്തലും പ്രതിസന്ധിയിലായത്. മൂന്ന് എസ്‌റ്റേറ്റുകളിലായി ഏകദേശം അഞ്ഞുറോളം കന്നുകാലികളാണുള്ളത്. സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മേഖലയിലുണ്ടായില്ലെങ്കില്‍ കിട്ടുന്ന പണത്തിന് കന്നുകാലികളെ വില്‍ക്കാന്‍ തന്നെയാണ് കര്‍ഷകരുടെ നിലപാട്.