ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുബാണ് ഗ്യാപ് റോഡിന്റെ പണികള്‍ ആരംഭിച്ചിത്. അശാസ്ത്രീയമായ പാറപൊട്ടിക്കല്‍ മൂലം പത്തിലധികം തവണ ചെറുതും വലുതുമായ മണ്ണിടിച്ചലുണ്ടായി. 

ഇടുക്കി: ഗ്യാപ് റോഡിലുണ്ടായ ഉരുള്‍ പൊട്ടലില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വേഗത്തില്‍ നല്‍കുക, കൃഷി ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഭൂമിയുടെ വിലയോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് പകരം സ്ഥലമോ നല്‍കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനപ്രധിനിധികളും കര്‍ഷക സംഘവും ദേവികുളം ആര്‍ ഡി ഒ ഓഫീസിന് മുബില്‍ ധര്‍ണ നടത്തി. റോഡ് വികസനത്തിന്റെ പേരില്‍ ഒരു പ്രദേശത്തെ മുഴുവനില്ലാതാക്കാന്‍ ശ്രമിക്കുന്ന കരാറുകാരന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് പറഞ്ഞു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുബാണ് ഗ്യാപ് റോഡിന്റെ പണികള്‍ ആരംഭിച്ചിത്. അശാസ്ത്രീയമായ പാറപൊട്ടിക്കല്‍ മൂലം പത്തിലധികം തവണ ചെറുതും വലുതുമായ മണ്ണിടിച്ചലുണ്ടായി. മുന്‍ സബ് രേണുരാജ് പാറപൊട്ടിക്കല്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ ബൈസന്‍വാലിയക്കെമുള്ള ഭാഗങ്ങള്‍ ഇല്ലാതാകുമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കരാറുകാരന്‍ എല്ലാം മറികടന്ന് തുടര്‍ന്നും പാറപൊട്ടിക്കല്‍ ആരംഭിച്ചു. ഓഗസ്റ്റ് ആറിന് പെട്ടിമുടി ദുരന്തത്തോട് അനുബന്ധിച്ച് ഗ്യാപ് റോഡിലും മണ്ണിടിച്ചലുണ്ടായി. 15 ഓളം കര്‍ഷകരുടെ ഭൂമിയിലെ കൃഷി പൂര്‍ണമായി നശിക്കുകയും ഭൂമി കൃഷിക്ക് അനുയോജ്യമല്ലാതാവുകയും ചെയ്തു. 

പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് കര്‍ഷകരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. വികസനത്തിന്റെ പേരില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.ഇതോടെ ചിന്നക്കനാല്‍ മേഖലയില്‍ നിന്നും മൂന്നാറിലെത്തിപ്പെടാന്‍ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമീപത്തെ പോക്കറ്റ് റോഡ് ടാറിംങ്ങ് നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ആവശ്യപ്പെട്ടു.