Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ: 21 മുതല്‍ ഇടുക്കി സാധാരണ ജീവിതത്തിലേക്ക്; നിയന്ത്രണങ്ങള്‍ ഇങ്ങനെ

ആയൂര്‍വേദ/ ഹോമിയോ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.

Idukki returned to normal life from the 21st
Author
Idukki, First Published Apr 18, 2020, 10:10 PM IST

ഇടുക്കി: ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ക്ക് അനുസൃതമായി ഇടുക്കി ജില്ല ഏപ്രില്‍ 21 മുതല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങും. ഇതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളില്‍ വരുത്തുന്ന ഇളവുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതിന് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ യോ​ഗം ചേർന്നു. ജില്ലാ കളക്ടര്‍ എച്ച് ദിനേശനും യോ​ഗത്തിൽ പങ്കെടുത്തു. 

ഇവയാണ് നിർദേശങ്ങൾ

• പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത കോട്ടയവും ഇടുക്കിയും ഗ്രീന്‍ മേഖലയാണ്. തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയ്ക്ക് ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത തുടരും. ആരാധനാലയങ്ങളിലെ നിലവിലെ സ്ഥിതി തുടരും

• സംസ്ഥാന അതിര്‍ത്തി പൂര്‍ണമായും അടച്ചിടും. ഇവിടേയും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ല.

• സാമൂഹിക അകലം നിര്‍ബന്ധമായി പാലിക്കണം.

• പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായി മാസ്‌ക്ക് ധരിക്കണം. സൗജന്യമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ലഭ്യത ഉറപ്പു വരുത്താന്‍ തദ്ദേശ സ്ഥാപനങ്ങളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

• പൊതു ഇടങ്ങളില്‍ സാനിറ്റൈസറും കൈ കഴുകാന്‍ സൗകര്യവും ഒരുക്കും.

• ഏപ്രില്‍ 20  തിങ്കളാഴ്ച പൊതുയിടങ്ങള്‍ അണുമുക്തവും മാലിന്യ മുക്തവുമാക്കും.

• വീടുകളും പരിസരവും ശുചിയാക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാന്‍  ക്യാമ്പയിന്‍ സംഘടിപ്പിക്കും.

• അടച്ചിട്ട ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും തുറക്കുന്ന ഘട്ടത്തില്‍ അണുവിമുക്തമാക്കുകയും പരിസരമടക്കം ശുചീകരിക്കുകയും വേണം.

• എല്ലാവര്‍ക്കും  റേഷന്‍ ലഭിച്ചതിനാല്‍ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം വേണ്ടവരുടെ സംഖ്യ കുറഞ്ഞു. വിഷമിക്കുന്നവര്‍ക്ക് സമൂഹ അടുക്കളയിലൂടെ ഭക്ഷണം നല്‍കും. 

ഗതാഗത മേഖല

• ജില്ലയുടെ ഉള്ളില്‍ കെ.എസ്.ആര്‍.ടി.സി അനുവദിക്കും. സ്വകാര്യ ബസുകള്‍ക്ക് താല്പര്യമെങ്കില്‍ ആര്‍ടിഒയുമായി ആലോചിച്ച് സമയക്രമീകരണം നടത്തി ഓടാവുന്നതാണ്. മൂന്നു സീറ്റുള്ളതില്‍ രണ്ടു പേരും രണ്ടു സീറ്റുള്ളതില്‍ ഒരാളും സഞ്ചരിക്കാവുള്ളു. നിന്ന് യാത്ര ചെയ്യാന്‍ പാടില്ല.

• ഓട്ടോകളില്‍ രണ്ടു പേരും ടാക്‌സികളില്‍ 3 പേരും ബൈക്കില്‍ ഒരാളും മാത്രമേ സഞ്ചരിക്കാവു.

• ടാക്‌സികള്‍ക്ക് സ്റ്റാന്‍ഡില്‍ ഓടാവുന്നതാണ്. വാഹ്നങ്ങളില്‍ മാസ്‌കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഉണ്ടായിരിക്കണം

വ്യാപാര സ്ഥാപനങ്ങള്‍

• വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും.

• വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ട മാസ്‌കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും കടയുടമ ഒരുക്കണം.

• ഹോട്ടല്‍,റെസ്റ്റോറന്റ് എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷണം കഴിവതും പാഴ്‌സലായി മേടിക്കാന്‍ ശ്രമിക്കുക. ഇരിപ്പിടങ്ങള്‍ അകലം പാലിച്ചു ക്രമീകരിക്കുക.

• ആള്‍ക്കൂട്ടം ഒഴിവാക്കണം

തൊഴില്‍ - സേവന മേഖല

• മെയ് 3 വരെ തോട്ടം മേഖലയില്‍  ജില്ലയുടെ പുറത്തു നിന്നുള്ള തൊഴിലാളികളെ അനുവദിക്കില്ല

• 50 ശതമാനത്തില്‍ താഴെ മാത്രം തൊഴിലാളികളെ വച്ച് പ്രവര്‍ത്തനം നടത്താം.

• ശാരീരിക അകലം പാലിച്ചും ശുചിത്വ മാനദണ്ഡങ്ങള്‍ അനുസരിച്ചുമായിരിക്കണം പ്രവര്‍ത്തനം.

• ജോലി ചെയ്യുന്നവര്‍ക്ക് വേണ്ട മാസ്‌കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഉടമ ഒരുക്കണം.

• തൊഴിലാളികളുടെ ആരോഗ്യ സ്ഥിതി ഉടമകള്‍ ഉറപ്പാക്കണം. ഇവരുടെ പക്കല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി ഉണ്ടായിരിക്കണം.

• പിഡബ്ല്യൂഡി പ്രവൃത്തികളും സ്വകാര്യ മേഖലയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നിയന്ത്രിതവും സുരക്ഷിതവുമായ വിധത്തില്‍ അനുവദിക്കും. ഇതിനായി അന്യജില്ലകളില്‍ നിന്നുള്ളവരെ കൊണ്ടു വരേണ്ട. ജില്ലയിലെ തൊഴില്‍രഹിതരായ അതിഥി തൊഴിലാളികളെ പ്രയോജനപ്പെടുത്തണം.

• പൊതുസ്ഥലങ്ങളിലെ ശുചീകരണത്തിനും കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിനും അതിഥിതൊഴിലാളികളെ ഉപയോഗിക്കാം. ഇതുവഴി ജോലിയില്ലാത്ത അതിഥിതൊഴിലാളികക്ക് ചെറിയ തൊഴിലും വരുമാനവും ലഭ്യമാക്കാം.

• വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ പ്രത്യേക എന്‍ട്രി പോയിന്റുകളിലൂടെയാവണം ജീവനക്കാര്‍ പ്രവേശിക്കേണ്ടത്. ജീവനക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് മാനേജ്മെന്റുകള്‍ ഉറപ്പുവരുത്തണം. സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസ സൗകര്യം ഇല്ലാത്ത കമ്പനികള്‍ ജീവനക്കാര്‍ക്ക് വരുന്നതിനും പോകുന്നതിനും വാഹന സൗകര്യവും ഏര്‍പ്പെടുത്തണം.

• കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ , ലൈഫ് പദ്ധതിയിലുള്ള വീടുകളുടെ നിര്‍മാണം,  ഉടനെ പൂര്‍ത്തിയാക്കണം. അതിനുവേണ്ടി താല്‍ക്കാലികമായ സംവിധാനങ്ങള്‍ ഒരുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് അനുമതി നല്‍കേണ്ടതാണ്.

• പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, അക്ഷയ സെന്ററുകള്‍ തുടങ്ങി എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കും.

• തൊഴിലുറപ്പ് പദ്ധതി (അയ്യങ്കാളി തൊഴിലുറപ്പ് ഉള്‍പ്പെടെ) പ്രകാരമുള്ള ജോലി ആരംഭിക്കും. അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ ഒരു ടീമില്‍ ഉണ്ടാകാന്‍ പാടില്ല.

• ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫിസിയോതെറാപ്പിയുടെ യൂണിറ്റുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കും.

• തദ്ദേശ സ്വയംഭരണാതിര്‍ത്തിയില്‍ ഓരോ വാര്‍ഡിലും രോഗം വരാന്‍ സാധ്യത കൂടുതലുള്ള (വള്‍നെറബിള്‍) 60 വയസ്സിനു മുകളിലുള്ളവര്‍, ഹൃദയം, വൃക്ക, കരള്‍, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ തുടങ്ങിയവര്‍ കൂടുതലായി ശ്രദ്ധിക്കണം.

• ആയൂര്‍വ്വേദ ഹോമിയോ വിഭാഗത്തിലുമുള്ള ചികിത്സാലയങ്ങളും മരുന്ന് ഷോപ്പുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാം. ആയൂര്‍വേദ/ ഹോമിയോ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.

• മരുന്നുകള്‍ കൊണ്ടുപോകുന്നതിന് സംസ്ഥാനതലത്തിലായാലും അന്തര്‍സംസ്ഥാന തലത്തിലായാലും അനുമതി നല്‍കും.

മൂന്നാറില്‍ പ്രത്യേക നിയന്ത്രണങ്ങള്‍

• മൂന്നാര്‍ ചന്തയ്ക്കകത്ത്  തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലേ പ്രവേശനം അനുവദിക്കൂ.

• തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തിയേ പ്രവേശിപ്പിക്കുകയുള്ളൂ.

• ഒരു മണിക്കൂര്‍ മാത്രമേ ടൗണില്‍ ചെലവഴിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുന്നതിന് സമയംവെച്ച് പാസ് നല്‍കും.

• പത്ത് വയസ്സിന് താഴെയുള്ളവരും 60 വയസ്സിന് മുകളിലുള്ളവരും രോഗലക്ഷണമുള്ളവരും ടൗണില്‍ വരാന്‍ പാടില്ല 

Follow Us:
Download App:
  • android
  • ios