ഇടുക്കി: കുശലാന്വേഷണത്തിനിടെ ഐസ് ക്രീം വാങ്ങിത്തരുമോയെന്ന് കുട്ടിയുടെ ചോദ്യം. നിറപുഞ്ചിരിയോടെ അതിനെന്താണെന്ന് സബ് കളക്ടർ പ്രേം കൃഷ്ണയുടെ മറുപടി. ആവശ്യം ഉന്നയിച്ചത് ഒരാളാണെങ്കിലും ഐസ്ക്രീം ലഭിച്ചത് മുഴുവൻ കുട്ടികൾക്കും. മൂന്നാറില്‍ വിന്‍റര്‍ കാര്‍ണിവലില്‍ എത്തിയ കുട്ടികള്‍ക്കാണ് സബ്കളക്ടറുടെ സ്നേഹ സമ്മാനം ലഭിച്ചത്.

മൂന്നാറിൽ 15 ദിവസം നീണ്ടുനിന്ന വിൻറർ കാർണിവലിന്റെ സമാപന ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുന്നതിനാണ് കഴിഞ്ഞ ദിവസം സബ് കളക്ടർ പ്രേം കൃഷ്ണ ബൊട്ടാനിക്ക് ഗാർഡനിലെത്തിയത്. 14 സ്കൂളുകളിൽ നിന്നായി 600 കുട്ടികൾ ചടങ്ങിൽ പങ്കെടുക്കുവാൻ ഗാർഡനിലെത്തിയിരുന്നു. ഇവർ ഭക്ഷണശാല സന്ദർശിക്കുന്നതിനിടെ  കുട്ടികളിൽ ഒരാൾ സബ് കളക്ടറോഡ് ഐസ്ക്രീം വേണമെന്ന ആവശ്യവുമായി എത്തുകയായിരുന്നു. 

കുട്ടിയുമായി കടയിലെത്തി ഐസ്ക്രീം വാങ്ങുന്നതിനിടെ  ഞങ്ങൾക്കും ഐസ്ക്രീം വേണമെന്ന് ആവശ്യവുമായി അവിടെ നിന്ന കുട്ടികൾ മുഴുവനും സബ് കളക്ടറെ വളഞ്ഞു. പണം കൈവശമില്ലെന്ന് പറയുന്നതിടെ ആരോ മേഴ്സി ഹോമിലെ കുട്ടികളാണ് ആവശ്യക്കാരെന്ന് അറിയിച്ചു. ഇതോടെ  മുഴുവൻ പേര്‍ക്കും ഐസ്ക്രീം വാങ്ങി നല്‍കി ആഗ്രഹം സാധിച്ചുനൽകിയാണ് അദ്ദേഹം മടങ്ങിയത്.