Asianet News MalayalamAsianet News Malayalam

മാതാപിതാക്കൾക്കും അധ്യാപകർക്കുമായി 'സ്മാർട്ട് റിയലൈസേഷൻ'

സ്മാർട്ട് ഫോൺ ഉപയോഗം വർധിച്ചതോടെ കുട്ടികളിൽ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളും വർധിച്ച് വരികയാണ്

ignou msw students smart realization program
Author
Thiruvananthapuram, First Published Jul 20, 2021, 8:05 PM IST

തിരുവനന്തപുരം: മാതാപിതാക്കള്‍ക്കും അധ്യാപകർക്കും സ്മാർട്ട് ഫോണിനെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആർ ട്രീ ഫൗണ്ടേഷന്‍റെ കീഴിൽ ഇഗ്നോ എം എസ് ഡബ്ല്യു വിദ്യാർഥികൾ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ നമ്മുടെ കുട്ടികളുടെ പഠനം മികവുറ്റതാക്കാൻ സ്മാർട്ട് ഫോണുകളുടെ പങ്ക് സുപ്രധാനമാണ്. സ്മാർട്ട് ഫോൺ ഉപയോഗം വർധിച്ചതോടെ കുട്ടികളിൽ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളും വർധിച്ച് വരികയാണ്. മിക്ക മാതാപിതാക്കള്‍ക്കും സ്മാർട്ട് ഫോൺ ഉപയോഗം സംബന്ധിച്ച്  വലിയ ധാരണയില്ലാത്തത്, കുട്ടികളില്‍ ഇവ ദുരുപയോഗം ചെയ്യാനുള്ള പ്രവണതയുളവാക്കുന്നുണ്ട്. ഇവിടെയാണ് സ്മാർട്ട് റിയലൈസേഷന്‍റെ ആവശ്യകതയെന്ന് സംഘാടകർ ചൂണ്ടികാട്ടി.

ഞായറാഴ്ച വൈകുന്നേരം 6.30 ന് സംഘടിപ്പിച്ച സ്മാർട്ട് റിയലൈസേഷൻ എന്ന ഓൺലൈൻ ബോധവത്ക്കരണ പരിപാടിയിൽ  കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് ജി.എച്ച്.എസ്സ്.എസ്സിലെ എസ് പി സി യൂണിറ്റിലെ അധ്യാപകരും മാതാപിതാക്കളും ഉൾപ്പടെ 150 ഓളം പേർ പങ്കെടുത്തു. പതിനൊന്നു വർഷമായി സൈബർ ക്രൈം ബ്രാഞ്ചിൽ അനുഭവസമ്പത്തുള്ള എറണാകുളം റൂറൽ സൈബർ ക്രൈം ബ്രാഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീ. പി. എ തൽഹത്ത് ആണ് 'സൈബർ അവയർനെസ്സ് ' എന്ന വിഷയവുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചത്. സ്മാർട്ട് ഫോണിന്‍റെ സെക്യൂരിറ്റിയെ പറ്റിയും നമ്മുടെ കുട്ടികളെ സുരക്ഷിതരായി സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ എങ്ങനെ പ്രാപ്തരാക്കാം എന്നതിനെ പറ്റിയുമുള്ള അറിവ് അദ്ദേഹം പകർന്ന് നൽകി.

കുട്ടികളിൽ  അമിത സ്മാർട്ട് ഫോൺ ഉപയോഗം മൂലം ഉണ്ടാകുന്ന അനന്തര ഫലങ്ങളെ പറ്റി ആർ ട്രീ ഫൗണ്ടേഷൻ ട്രെയിനി അഞ്ചു ബി എസും സ്മാർട്ട് റിയലൈസേഷൻ്റെ പ്രാധാന്യത്തെ പറ്റി ആർ ട്രീ ഫൗണ്ടേഷൻ ഡയറക്ടറും അധ്യാപകനുമായ രാകേഷ് ചന്ദ്രനും സംസാരിച്ചു. ഇത്തരത്തിലുള്ള ബോധവത്ക്കരണ പരിപാടികളിലൂടെ ലഭിക്കുന്ന വിവരങ്ങൾ കുട്ടികളുമായി പങ്കു വയ്ക്കണമെന്നും, അവർ ചെയ്യുന്ന കാര്യങ്ങൾ മാതാപിതാക്കൾ അറിഞ്ഞില്ല എന്ന് പറയേണ്ട സാഹചര്യം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുടനീളമുള്ള വിദ്യാലയങ്ങളിലെ അധ്യാപകർക്കും മാതാപിതാക്കൾക്കും ബോധവത്ക്കരണം നൽകുന്നതിലൂടെ ഒരു പരിധി വരെ കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗം തടയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios