ഇടുക്കി: ലോക്ക് ഡൗണ്‍ കാലത്തെ വ്യാജ വാറ്റ് തടയുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി എക്‌സൈസ് വകുപ്പ്. എസ്റ്റേറ്റു മേഖലയില്‍ വില്‍പ്പന ചെയ്യാന്‍ തയ്യാറാക്കിയ 130 ലിറ്റര്‍ കോടി പിടിച്ചെടുത്ത് നശിപ്പിച്ചു. ലോക്ക് ഡൗണ്‍ നാളുകളില്‍ എസ്റ്റേറ്റു മേഖലയില്‍ വില്‍പ്പന നടത്തുവാന്‍ തയ്യാറാക്കിയ വ്യാജവാറ്റ് എക്‌സൈസ് വകുപ്പ് പിടികൂടി. മാട്ടുപ്പെട്ടി കെ.എല്‍.ഡി വകുപ്പിലെ താല്‍ക്കാലിക ജിവനക്കാരനായ വിനുവിന്റെ വീട്ടില്‍ നിന്നുമാണ് വ്യാജവാറ്റ് പിടികൂടിയത്. 

കെ.എല്‍.ഡി ബോര്‍ഡിന്റെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഇയാള്‍ വീട്ടില്‍ തന്നെയാണ് വാറ്റ് നടത്തിയത്. വ്യാജ വാറ്റിലൂടെ നിര്‍മ്മിച്ച 130 ലിറ്റര്‍ കോട പിടിച്ചെടുത്ത് നശിപ്പിച്ചു. വിനുവിനെ പിടികൂടാനായിട്ടില്ല. ഇടുക്കി ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വ്യാജവാറ്റ് പിടികൂടിയത്. 

പ്ലാസ്റ്റിക് വീപ്പയിലും കലത്തിലും പാത്രങ്ങളിലുമായി വാറ്റിനു ഉപയോഗിച്ചിരുന്ന വസ്തുക്കളും കണ്ടെത്തി. കുക്കറില്‍ ഘടിപ്പിച്ച കുഴലുകള്‍ വഴി വിദഗ്ധമായിട്ടായിരുന്നു വ്യാജവാറ്റ് നടത്തിയിരുന്നത്. വാറ്റിനുപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മൂന്നാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.വിജയകുമാറിന്റെ നിര്‍ദ്ദേശാനുസരണം പ്രിവന്റീവ് ഓഫീസര്‍മാരായ ബാലസുബ്രമണി, സി.പി.റെനി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിജു മാത്യു, ജോളി ജോസഫ്, ദിപുരാജ്, ദിനേശ്, ശോബിന്‍, എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. ലോക്ക് ഡൗണ്‍ നാളുകളില്‍ വ്യാജവാറ്റ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും മൂന്നാര്‍ റെയിഞ്ച് ഓഫീസര്‍മാര്‍ അറിയിച്ചു.