റോഡില്‍ സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെട്ടതോടെ സംഘടിച്ച ജനങ്ങള്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടനിര്‍മ്മാണത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. 

വയനാട്: അമ്പലവയല്‍ ബിവറേജിന് മുന്നിലെ കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ പൊതുമരാമത്ത് ആരംഭിച്ചു. പ്രധാന റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ മുന്‍വശം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാന്തിയതോടെ ഇവിടെ മണ്ണിട്ട് മൂടിയ ഓവുപാലവും കലുങ്കും കണ്ടെത്തി. ഓവുപാലവും കലുങ്കും മണ്ണിന് അടിയിലായതോടെ ഈ ഭാഗത്ത് റോഡില്‍ സ്ഥിരം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. 

സ്ഥിരം വെള്ളക്കെട്ട് രൂപപ്പെത് യാത്രാദുരിതം തീര്‍ത്തതോടെയാണ് ജനങ്ങള്‍ കെട്ടിട നിര്‍മാണത്തിനെതിരെ രംഗത്തെത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് കൈയ്യേറ്റം ഉണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഇതിനെതിരെ പ്രായോഗിക നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സി.പി.എം പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചതോടെയാണ് കൈയ്യേറ്റം നീക്കാനുള്ള നടപടിക്ക് ഉദ്യോഗസ്ഥര്‍ തയ്യാറായത്. 

കൈയ്യേറ്റം പൂര്‍ണമായും ഒഴിപ്പിക്കാനുള്ള നടപടികള്‍ വരുംദിവസങ്ങളിലും തുടരും. കലുങ്കും ഓവുംപാലവും മൂടി കെട്ടിടം പണിയുന്നത് നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്ത് അധികൃതരെയും മറ്റും അറിയിച്ചിരുന്നു. അരമീറ്ററോളം റോഡ് കൈയ്യേറിയതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വേനല്‍മഴ മുതല്‍ ഇതുവരെയും കെട്ടിടത്തിന് മുന്നില്‍ മുട്ടോളം വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. 

യാത്ര തടസപ്പെട്ടതോടെ ജനം സംഘടിക്കുകയും പിന്നീട് പോലീസ് ഇടപ്പെട്ട് വെള്ളം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലേക്ക് തുറന്നുവിടുകയുമായിരുന്നു. സുല്‍ത്താന്‍ബത്തേരി താലൂക്ക് സര്‍വ്വേയര്‍മാരായ ടി.കെ. യോഹന്നാന്‍, സജീഷ് പി. ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൈയ്യേറ്റം കണ്ടെത്തിയത്.