ഇടുക്കി: വട്ടവടയില്‍ നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ ഭാഗമായ ബ്ലോക്ക് നമ്പര്‍ അറുപത്തിരണ്ടില്‍ റവന്യൂ വകുപ്പിന്‍റെ സ്റ്റോപ് മെമ്മോ അവഗണിച്ച് അനധികൃത നിര്‍മ്മാണം തകൃതിയായി നടക്കുന്നു. പ്രാദേശിക കോണ്‍ഗ്രസ്സ് നേതാവ് കൈവശം വച്ചിരിക്കുന്ന സ്ഥലത്താണ് വന്‍തോതില്‍ മണ്ണിടിച്ച് നിരത്തി നിര്‍മ്മാണം നടത്തുന്നത്.  

ഇടവേളയ്ക്ക് ശേഷം വീണ്ടും നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ ഭാഗമായ പ്രദേശത്ത് വന്‍ കയ്യേറ്റങ്ങളും അധികൃത നിര്‍മ്മാണങ്ങളും സജീവമാകുകയാണ്. ബ്ലോക്ക് അറരുപത്തിരണ്ടിന്‍റെ ഭാഗമായ വട്ടവട വില്ലേജില്‍ ഉള്‍പെട്ട കോവിലൂരിന് സമീപത്താണ് നിലവില്‍ റവന്യൂ വകുപ്പിന്‍റെ സ്റ്റോപ് മെമ്മോ അവഗണിച്ച് നിര്‍മ്മാണം തുടരുന്നത്. വട്ടവട മോഡല്‍ വില്ലേജ് പദ്ധതിയ്‌ക്കെതിരേ റിപ്പോര്‍ട്ട് നല്‍കിയ റവന്യൂ വകുപ്പ്, കോണ്‍ഗ്രസ്സ് നേതാവിന്‍റെ  അനധികൃത നിര്‍മ്മാണത്തിന് ഒത്താശ ചെയ്യുകയാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ്  നിര്‍മ്മാണത്തിന് സ്റ്റോപ് മെമ്മോ നല്‍കിയത്. 

എന്നാല്‍ ഇവിടെ ഇപ്പോഴും നിര്‍മ്മാണ പ്രവര്‍ത്തി സജീവമാണ്. വട്ടവട വില്ലേജ് ഓഫീസര്‍ ലീവായതിനാല്‍ ചാര്‍ജ്ജുണ്ടായിരുന്ന കൊട്ടാക്കമ്പൂര്‍ വില്ലേജ് ഓഫീസര്‍ നേരിട്ടാണ് സ്റ്റോപ് മെമ്മോ നല്‍കിയത്. എന്നാല്‍ വട്ടവട വില്ലേജ് ഓഫീസില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെ റോഡ് സൈഡില്‍ സ്‌റ്റോപ് മെമോ അവഗണിച്ച് നടത്തുന്ന നിര്‍മ്മാണത്തിനെതിരേ ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.