Asianet News MalayalamAsianet News Malayalam

രോഗികളായ വയോധികരുടെ വീട്ടിലെ ഓവുചാൽ മൂടി അനധികൃത നിർമാണം; പരിഹാര നടപടി വേഗത്തിലാക്കാൻ നഗരസഭയ്ക്ക് നിർദേശം

അനധികൃത നിർമ്മാണം നടത്തുന്നതിനായി ഓവുചാൽ മണ്ണിട്ട് മൂടി വൃദ്ധനായ രോഗിയെയും മാനസിക പ്രശ്നമുള്ള  അനുജനെയും മലിനജലം കെട്ടിനിൽക്കുന്ന വീട്ടിൽ ഒറ്റപ്പെടുത്തിയ സംഭവത്തിൽ നിലവിലുള്ള സ്റ്റേ ഒഴിവാക്കി കിട്ടാൻ കോഴിക്കോട് നഗരസഭാ സെക്രട്ടറി നടപടി ത്വരിതപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
 

Illegal construction of sewers covering the home of sick elderly people  Human Rights Commission directed the corporation to expedite the remedial action
Author
Kerala, First Published Sep 15, 2021, 8:27 PM IST

കോഴിക്കോട് : അനധികൃത നിർമ്മാണം നടത്തുന്നതിനായി ഓവുചാൽ മണ്ണിട്ട് മൂടി വൃദ്ധനായ രോഗിയെയും മാനസിക പ്രശ്നമുള്ള  അനുജനെയും മലിനജലം കെട്ടിനിൽക്കുന്ന വീട്ടിൽ ഒറ്റപ്പെടുത്തിയ സംഭവത്തിൽ നിലവിലുള്ള സ്റ്റേ ഒഴിവാക്കി കിട്ടാൻ കോഴിക്കോട് നഗരസഭാ സെക്രട്ടറി നടപടി ത്വരിതപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രൈബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ ഒഴിവാക്കി കിട്ടുന്ന മുറയ്ക്ക് അനധികൃത നിർമ്മാണം പൊളിച്ചുനീക്കി ഓവുചാൽ പുന : സ്ഥാപിക്കണമെന്ന്  കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു.  കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്.  

കിഴക്കേ നടക്കാവിൽ അംബികാ ഹോട്ടലിന് പിന്നിലാണ് വൃദ്ധനും രോഗിയുമായ പ്രഭാകരനും മാനസികാസ്വാസ്ഥ്യമുള്ള അനുജനും താമസിക്കുന്നത്.  ഇവരുടെ വീട്ടിൽ നിന്നുള്ള ഓവുചാലാണ് നടക്കാവ് സ്വദേശികൾ  മണ്ണിട്ട് മൂടിയത്.  വയോധികനായ പ്രഭാകരൻ പലതവണ നഗരസഭക്കും റവന്യൂ വകുപ്പിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.  

കമ്മീഷൻ കോഴിക്കോട് നഗരസഭാ സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി.  പരാതിയിലെ എതിർ കക്ഷികളായ കിഴക്കേനടക്കാവ് സ്വദേശികളായ സുനന്ദ, ഷിബിൻ എന്നിവർ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രൈബ്യൂണലിൽ നിന്നും അനധികൃത നിർമ്മാണം പൊളിക്കാനുള്ള ഉത്തരവിൽ സ്റ്റേ വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.  സ്റ്റേ ഒഴിവാക്കി കിട്ടാൻ നടപടി സ്വീകരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.  

പരാതിക്ക് അടിസ്ഥാനമായ ഓവുചാൽ പുന: സ്ഥാപിക്കണമെന്നും ഇതിന് ചിലവാകുന്ന തുക എതിർ കക്ഷികളിൽ നിന്നും ഈടാക്കണമെന്നും 2021 ജൂൺ 18  ന് മെയിന്റനൻസ് ട്രൈബ്യൂണലിന്റെ  ചുമതല വഹിക്കുന്ന  സബ് കളക്ടർ ഉത്തരവിട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഈ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ നിന്നും സ്റ്റേ ഉണ്ടെന്ന് എതിർകക്ഷികൾ അറിയിച്ചതായും നഗരസഭ കമ്മീഷനെ അറിയിച്ചു, 

പ്രഭാകരനും സഹോദരനും താമസിക്കുന്ന വീട് ജീർണിച്ച് നിലം പതിക്കാറായെന്നും
നഗരസഭയുടെ റിപ്പോർട്ടിൽ പറയുന്നു.  ഇവർ താമസിക്കുന്ന വീട് പുതുക്കി പണിയാൻ മറ്റ് അവകാശികൾ സമ്മതിക്കാത്ത സാഹചര്യത്തിൽ നഗരസഭയുടെ ഏതെങ്കിലും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് ലഭ്യമാക്കാൻ കഴിയുമോ എന്ന്  പരിശോധിക്കാമെന്നും   നഗരസഭാ സെക്രട്ടറി  കമ്മീഷനെ അറിയിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ കെ. പി. സത്യകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 

Follow Us:
Download App:
  • android
  • ios