തുറവൂർ: തീരപ്രദേശത്ത് വിൽപ്പനടത്താൻ കൊണ്ടുപോയ 18 ലിറ്റർ വിദേശ മദ്യം പട്ടണക്കാട് പൊലീസ് പിടികൂടി. രണ്ടിടങ്ങളിൽ നിന്നായി ഒൻപത് ലിറ്റർ വീതമാണ് പിടികൂടിയത്. അനധികൃതമായി മദ്യവില്‍പ്പന നടത്താന്‍ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പട്ടണക്കാട്  സിഐ  ആർ എസ് ബിജു, എസ്. ഐ. റോബിൻസൺ എന്നിവർ ചേർന്ന് പിടികൂടിയത്. 

കഴിഞ്ഞദിവസം രാവിലെ 11-ന് കണ്ടൈന്‍മെന്‍റ് ദേശീയപാതയിലെ പൊന്നാംവെളിയിൽ നിന്നാണ് പള്ളിത്തോട് കുന്നുംപുറം വീട്ടിൽ പ്രസിദ്ധിനെ(39) പിടികൂടുന്നത്. പച്ചക്കറിച്ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. ഉച്ചയ്ക്കുശേഷം മൂന്നിന് കടക്കരപ്പള്ളിയിൽനിന്ന് കടക്കരപ്പള്ളി മണിമന്ദിരത്തിൽ മണിക്കുട്ടൻ (41), കിഴക്കേ വെളിയിൽ അജിമോൻ (31) എന്നിവരെയും പിടികൂടി. 

ഒരു വീട്ടുവളപ്പിൽ നിന്ന് ഗ്ലാസിൽ മദ്യം പകർത്തി നൽകുമ്പോഴാണ് പൊലീസെത്തിയത്. തീരമേഖലകൾ ലക്ഷ്യംവച്ചാണ് ആലപ്പുഴയിൽനിന്ന് മദ്യം എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സിവിൽ പോലീസ് ഓഫീസർമാരായ കിഷോർ, ഗോപൻ, ജോബി, അനിൽകുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.