തിരൂരിനു പിന്നാലെ മലപ്പുറം കുറ്റിപ്പുറത്തും അനധികൃത മദ്യവില്‍പ്പന. നാലര ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പൊലീസിന്‍റെ പിടിയിലായി. 

മലപ്പുറം: തിരൂരിനു പിന്നാലെ മലപ്പുറം കുറ്റിപ്പുറത്തും അനധികൃത മദ്യവില്‍പ്പന. നാലര ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പൊലീസിന്‍റെ പിടിയിലായി. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മദ്യം വില്‍ക്കുന്നതിനിടെയാണ് പ്രതി പൊലീസിന്‍റെ പിടിയിലാകുന്നത്.

കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദലിയാണ് പിടിയിലായത്. വിവിധ വിദേശ ബ്രാൻഡുകളുടെ മദ്യം ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനും പരിസരവും കേന്ദ്രീകരിച്ച് ഏറെ നാളായി മുഹമമ്മദലി മദ്യം വില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

ട്രെയിനില്‍ യാത്രക്കാര്‍ക്കും ഇയാള്‍ മദ്യം എത്തിച്ചു നല്‍കാറുണ്ട്.ട്രെയിൻ കുറ്റിപ്പുറം സ്റ്റേഷനിലേക്ക് എത്തുമ്പോഴാണ് മദ്യം കൈമാറുന്നത്. മൊബൈല്‍ ഫോണില്‍ ബന്ധപെട്ടാണ് മദ്യക്കച്ചവടം. കുറ്റിപ്പുറം കേന്ദ്രീകരിച്ച് അനധികൃത മദ്യകച്ചവടം വ്യാപകമായി നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.