മിന്നല്‍ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ച നിലയില്‍ 12 ലിറ്റര്‍ ചാരായവും 370 ലിറ്റര്‍ ചാരായം നിര്‍മിക്കാനായി പാകപ്പെടുത്തിയ കോടയും വന്‍തോതിലുള്ള ശര്‍ക്കരയും പിടികൂടിയത്. 

മലപ്പുറം: പെരുവള്ളൂരില്‍ പരപ്പനങ്ങാടി എക്‌സൈസ് റേഞ്ചിന്റെ നേത്യത്വത്തില്‍ വന്‍ വ്യാജ മദ്യവേട്ട. കൊല്ലംചിന ഭാഗത്ത് പരപ്പനങ്ങാടി എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ച നിലയില്‍ 12 ലിറ്റര്‍ ചാരായവും 370 ലിറ്റര്‍ ചാരായം നിര്‍മിക്കാനായി പാകപ്പെടുത്തിയ കോടയും വന്‍തോതിലുള്ള ശര്‍ക്കരയും പിടികൂടിയത്. പരപ്പനങ്ങാടി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി പ്രജോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി വന്‍തോതില്‍ ചാരായ നിര്‍മാണം നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം നടത്തിയത്. പെരുവള്ളൂര്‍ കൊല്ലംചിന സ്വദേശി ചെറുകോളില്‍ ബാബു (44) എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതിലുള്ള ചാരായവും കോടയും കണ്ടെത്തിയത്. ഇതിനുപുറമേ ഗ്യാസ് സിലിണ്ടറുകള്‍, സ്റ്റൗ, ബാരലുകള്‍, ചാരായം കയറ്റി അയയ്ക്കാനുള്ള വിവിധ വലുപ്പത്തിലുള്ള കന്നാസുകള്‍ തുടങ്ങി നിരവധി സാമഗ്രികള്‍ കണ്ടെടുത്തു.

വീട്ടുടമയായ ബാബുവിനെ പ്രതിയാക്കി പരപ്പനങ്ങാടി റേഞ്ച് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ വീട്ടിലില്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇയാളെ ഉടന്‍ പിടികൂടാനാകുമെന്നും ഈ മേഖലയില്‍
കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ
എം കെ ഷിജിത്, കെ ശിഹാബുദ്ദീന്‍,എം എം ദിദിന്‍,ശംസുദ്ദീന്‍, വനിത എക്‌സൈസ് ഓഫീസര്‍ പി സിന്ധു തുടങ്ങിയവരും പങ്കെടുത്തു.