മാവേലിക്കര: പൊലീസ് വാഹനത്തിന്‍റെ അനധികൃത പാര്‍ക്കിംഗ് മൂലം മാവലിക്കര മിച്ചല്‍ജംഗ്ഷനിലെ ഗതാഗതം തടസപ്പെട്ടതായി നാട്ടുകാരുടെ പരാതി. ഇന്ന് രാവിലെ 10.30 മിച്ചല്‍ ജംഗ്ഷനു പടിഞ്ഞാറുഭാഗം റോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം ഉദ്യോഗസ്ഥര്‍ ഇറങ്ങി പോകുകയായിരുന്നു.

വാഹനത്തിന്‍റെ മുക്കാല്‍ പങ്കോളം റോഡിലേക്ക് കയറി കിടന്നതിനാല്‍ ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്ന നിരവധി പേരാണ് ദുരിതത്തിലായത്. വാഹനങ്ങള്‍ വന്ന നിറഞ്ഞ് മിച്ചല്‍ ജംഗ്ഷനില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ട അവസ്ഥപോലുമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികളും യാത്രക്കാരും പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചിട്ടും വാഹനം സ്ഥലത്തു നിന്ന് മാറ്റാന്‍ അധികൃതര്‍ തയാറായില്ലെന്നും ആക്ഷേപമുണ്ട്.

മിച്ചല്‍ ജംഗ്ഷനിലും പരിസരത്തും അനധികൃത പാര്‍ക്കിംഗിന് പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോഴാണ് സ്വന്തം വാഹനം മണിക്കൂറുകളോളം മാര്‍ഗ തടസം സൃഷ്ടിച്ചിട്ടും അത് പരിഹരിക്കാന്‍ തയ്യാറാകാതിരുന്നതെന്നാണ് നാട്ടുകാരുടെ പരാതി.