അനധിക്യത പാര്‍ക്കിംഗ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ്  മൂന്നാര്‍ പൊലീസിന് കത്തുനല്‍കുകയും വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന ഭാഗങ്ങളില്‍ നോ- പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു

ഇടുക്കി: മൂന്നാറിലെ അനധികൃത പാര്‍ക്കിംഗിന് ഇനിയും പരിഹാരമില്ല. ആയിരക്കണക്കിന് തൊഴിലാളികളടക്കം വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന മൂന്നാര്‍ പഞ്ചായത്തിന് സമീപ ഭാഗങ്ങളില്‍ അനധിക്യതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് നിരവധി പ്രശ്നങ്ങള്‍ക്കാണ് കാരണമാകുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.

മൂന്നാര്‍ പഞ്ചായത്ത് കവാടത്തില്‍ ഏഴിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ സേവനങ്ങള്‍ക്കായി നിരവധി ആളുകള്‍ എത്തുന്നുണ്ട്. മാത്രവുമല്ല വനംവകുപ്പിന്റെ ഓഫീസുകളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും നിത്യസന്ദര്‍ശകരാണ്.

ഇത്രയധികം ആളുകള്‍ എത്തുന്ന മേഖലകളിലെ അനധിക്യത പാര്‍ക്കിംഗ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് മൂന്നാര്‍ പൊലീസിന് കത്തുനല്‍കുകയും വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന ഭാഗങ്ങളില്‍ നോ- പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍, സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് തയ്യറാകുന്നില്ലെന്ന് പ്രസിഡന്‍റ് പറഞ്ഞു. ഇരുവശങ്ങളിലും വാഹനങ്ങള്‍ നിറഞ്ഞതോടെ കാല്‍നടയാത്രക്കാര്‍ക്ക് പോലും നടക്കാന്‍ കഴിയാത്ത അവസ്ഥായാണുള്ളത്.

രണ്ട് വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ കഴിയാത്തത് മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കിനും ഇടയാക്കുന്നു. സംഭവത്തില്‍ അടിയന്തരമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.