മാന്നാർ: പൊതുവഴിയിൽ മാലിന്യം നിക്ഷേപിക്കുന്ന അനധികൃത കോഴി കടകൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പരാതി. ഒരു കോഴിക്കടക്കു മാത്രമാണ് മാന്നാർ പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുള്ളത്. എന്നാൽ 50 ലധികം അനധികൃത കോഴിക്കടകളാണ് മാന്നാറിന്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മാന്നാറിലെ കോഴി കടകളിൽ നിന്നും പുറം തള്ളുന്ന അവശിഷ്ടങ്ങൾ രാത്രിസമയത്ത് ചാക്കിൽ കെട്ടി വഴിയോരങ്ങളിൽ തള്ളുന്നത് നിത്യസംഭവമാകുകയാണ്. ഇവ അഴുകി പരിസരമാകെ ദുർഗന്ധം പരത്തുകയും ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. കടുത്ത ദുർഗന്ധംമൂലം വ്യാപാരികളും, സമീപവാസികളും അനുഭവിക്കുന്നത് രൂക്ഷമായ പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങളാണെന്നും നാട്ടുകാർ പറഞ്ഞു.

ഗ്രാമ പഞ്ചായത്തിലെ വഴികളിലെല്ലാം മാലിന്യം നിറഞ്ഞ് സഞ്ചാരം ദുർഘടമായി. ഹോട്ടലുകൾ, ബാർബർ ഷോപ്പുകൾ, പച്ചക്കറി കടകൾ, തട്ടുകടകൾ, ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ അവശിഷ്ടങ്ങളും, ഇറച്ചികോഴി കടകളിലെ അവശിഷ്ടങ്ങളും രാത്രികാലങ്ങളിൽ റോഡരികിലുള്ള കുറ്റിക്കാടുകളിൽ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി നിഷേപിക്കുകയാണ്.

ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ സ്ഥലങ്ങൾ മാലിനമാവുകയാണ്. ഇവിടെയെല്ലാം തെരുവുനായ്ക്കക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. അനധികൃതമായി പ്രവർത്തിക്കുന്ന കോഴി കടകൾ അടച്ചു പൂട്ടാൻ പഞ്ചായത്തും, ആരോഗ്യ വകുപ്പ് അധികൃതരും നടപടികൾ സ്വീകരിക്കുന്നില്ലെന്നും, മാന്നാറിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തുന്നില്ലന്നും നാട്ടുകാർ പരാതിയിൽ ആരോപിച്ചു.