തൃശൂർ ജില്ലയിൽ അനധികൃത മരുന്ന് വിൽപ്പനയെത്തുടർന്ന് അഞ്ച് മെഡിക്കൽ ഷോപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡ്രഗ്സ് കൺട്രോൾ വിഭാഗവും പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി.
തൃശൂർ: തൃശൂർ ജില്ലയിലെ മെഡിക്കൽ ഷോപ്പുകളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ അഞ്ച് ഷോപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. അനധികൃതമായ മരുന്ന് വില്പനയുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഡ്രഗ്സ് കൺട്രോൾ വിഭാഗവും തൃശൂർ സിറ്റി പൊലീസും ചേർന്നാണ് ജില്ലയിലെ മെഡിക്കൽ ഷോപ്പുകളിൽ സംയുക്ത പരിശോധന നടത്തിയത്.
അഞ്ച് മെഡിക്കൽ ഷോപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 22 കടകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും രണ്ട് ഷോപ്പുകൾക്ക് താക്കീത് നൽകുകയും ചെയ്തു. ജില്ലയിലെ ചില മെഡിക്കൽ ഷോപ്പുകളിൽ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ഷെഡ്യൂൾ എച്ച്, എച്ച് വൺ കാറ്റഗറിയിൽപെട്ട മരുന്നുകൾ വില്പന ചെയ്യുന്നു എന്നുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ എ എസ് അദ്ധ്യക്ഷനായ ജില്ലാ നാർക്കോട്ടിക്ക് കോർഡിനേഷൻ കമ്മിറ്റി ഫെബ്രുവരി മാസം ചേർന്ന യോഗത്തിലാണ് പരിശോധിക്കാൻ തീരുമാനമെടുത്തത്. തൃശൂർ ജില്ലാ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ ആർ ഐപിഎസിന്‍റെ നിർദ്ദേശാനുസരണമാണ് പൊലീസും ഡ്രഗ്സ് കൺട്രോൾ വിഭാഗവും സംയുക്തമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള മെഡിക്കൽ ഷോപ്പുകളിൽ പരിശോധനകൾ ആരംഭിച്ചത്.
ജില്ലാ അസിസ്റ്റന്‍റ് ഡ്രഗ്സ് കൺട്രോളർ ശശിയുടെ നേതൃത്വത്തിൽ ഡ്രഗ് ഇൻസ്പെക്ടർമാരായ ഗ്ളാഡിസ്, ജിഷ, ധന്യ എന്നിവരും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
