ഇടുക്കി: മാട്ടുപ്പെട്ടി ഫോട്ടോ പോയിന്റിലെ 25 ഓളം അനധികൃത പെട്ടിക്കടകൾ പൊലീസിന്റെ സഹായത്തോടെ റവന്യു ദൗത്യ സംഘം ഒഴിപ്പിച്ചു. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന മാട്ടുപ്പെട്ടി ഫോട്ടോ പോയിന്റിൽ അനധികൃതമായി നിർമ്മിച്ച പെട്ടിക്കടകളാണ്  മൂന്നാർ സ്പെഷ്യല്‍ തഹസിൽദ്ദാർ മുഹമ്മദ്ദ് ഷെഫീക്കിന്റെ നേതൃത്വത്തിൽ പൊലീസിന്റെ സഹായത്തോടെ ദൗത്യസംഘം ഒഴിപ്പിച്ചത്.

റോഡ് പുറമ്പോക്ക് കൈയ്യേറി 25 ഓളം പെട്ടികടകളാണ് നിർമ്മിച്ചിരുന്നത്. പെട്ടികളുടെ എണ്ണം ദിനംതോറും വർദ്ധിക്കുന്നത് മേഘലയിൽ ഗതാഗത കുരുക്കിനും കാരണമായിരുന്നു. ഇതോടെയാണ് ദേവികുളം സബ് കളക്ടർ രേണുരാജ് കടകൾ പൊളിച്ചുനീക്കാൻ സ്പെഷ്യൽ തഹസിൽദ്ദാരെ ചുമതലപ്പെടുത്തിയത്. 

വൻകിടക്കാരെ ഒഴിപ്പിക്കാതെ ചെറുകിടക്കാരെ ഒഴിപ്പിക്കുന്നത് ശരിയല്ലെന്നും കടകൾ നഷ്ടപ്പെട്ടവർക്ക് പകരം സംവിധാനം ഏർപ്പെടുത്തുന്നമെന്ന് ആവശ്യപ്പെട്ട് കെപിസിസി വൈസ് പ്രസിഡന്റ് എകെ മണി രംഗത്തെത്തി. ഹൃദയ സംബന്ധമായ അസുഖമുള്ളവരും മറ്റുമാണ് ചികിത്സയടക്കമുള്ള ചിലവിന് പണം കണ്ടെത്തുന്നതിന് കടകളിട്ടിരിക്കുന്നതെന്ന് മണി പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് കച്ചവടക്കാർക്ക് പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് തഹസിൽദ്ദാർ ഉറപ്പ് നൽകി. ഇതോടെയാണ് ഒഴിപ്പിക്കൽ തുടരാൻ സാധിച്ചത്.