പനമ്പിള്ളി നഗർ എൽഐജി കോളനിയിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിന്‍റെ വാട്ടർ അതോറിറ്റി കണക്ഷൻ പുനഃസ്ഥാപിക്കാൻ ജലവിഭവ മന്ത്രിയും എംഎൽഎയും ഇടപെട്ടതായി ആരോപണം
കൊച്ചി: പനമ്പിള്ളി നഗർ എൽഐജി കോളനിയിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിന്‍റെ വാട്ടർ അതോറിറ്റി കണക്ഷൻ പുനഃസ്ഥാപിക്കാൻ ജലവിഭവ മന്ത്രിയും എംഎൽഎയും ഇടപെട്ടതായി ആരോപണം. അനധികൃതമായി വെള്ളം ചോർത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഹോസ്റ്റലിന്‍റെ കണക്ഷൻ വിച്ഛേദിച്ചിരുന്നു. സംഭവത്തിൽ ഹോസ്റ്റലിന് വാട്ടർ അതോറിറ്റി 2.35 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. എന്നാൽ പിന്നീട് കണക്ഷൻ പുനഃസ്ഥാപിക്കാൻ മന്ത്രിയടക്കം രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഇടപെടൽ ഉണ്ടായെന്ന ആരോപണം ഉയർന്നു. വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുടെ ഉത്തരവുമായി ഉദ്യോഗസ്ഥർ എത്തിയെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നടപടി തടസ്സപ്പെട്ടു. ഹോസ്റ്റൽ ഒരു തൊഴിൽ സംരംഭമാണെന്നും വനിതകൾ താമസിക്കുന്ന സ്ഥാപനമാണെന്നും ചൂണ്ടിക്കാണിച്ചാണ് പുനഃസ്ഥാപന നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്.
പനമ്പിള്ളി നഗർ-കടവന്ത്ര മേഖലയിൽ ശുദ്ധ ജല ക്ഷാമം രൂക്ഷമായിരിക്കെ, മോട്ടർ ഉപയോഗിച്ച് അനധികൃതമായി വെള്ളം പമ്പ് ചെയ്യുന്നതിനെതിരെ റസിഡന്റ്സ് അസോസിയേഷൻ നടത്തിയ പരിശോധനയിലാണ് ഹോസ്റ്റലിൽ നിന്നുള്ള ക്രമക്കേട് കണ്ടെത്തിയത്. എൽഐജി കോളനിയിൽ രണ്ട് യൂണിറ്റുകൾ ഒന്നിച്ചാക്കി മൂന്ന് നിലകളിൽ നിർമിച്ച ഹോസ്റ്റലിന് രണ്ട് വാട്ടർ കണക്ഷനുകളുണ്ട്. പിഴ അടച്ച്, നിയമാനുസൃതമായി വീണ്ടും അപേക്ഷിച്ചാൽ മാത്രമേ കണക്ഷൻ അനുവദിക്കൂവെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.


