കോട്ടയം: കോട്ടയത്ത് ചാരായ വാറ്റ് സംഘങ്ങള്‍ സജീവമാകുന്നു. വൈക്കത്ത് വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. വൈക്കം തലയാഴം പുന്നപ്പൊഴിയില്‍ ചാരായം വാറ്റുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സിഐ റ്റി എം മജുവിന്‍റെ നേതൃത്വത്തില്‍ റെയ്‍ഡ് നടന്നത്.

എക്സൈസ് സംഘമെത്തിയപ്പോള്‍ വാറ്റ് നടത്തിക്കൊണ്ടിരുന്നവര്‍ ചിതറിയോടി. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘത്തെ വാറ്റിന് നേതൃത്വം നല്‍കിയവര്‍ ആക്രമിച്ചു. സിഐയ്ക്കും രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ക്കും പരിക്കേറ്റു. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ജോജി വര്‍ഗീസ് എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പരിക്കേറ്റ ഉദ്യോഗസ്ഥര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്ന് പത്ത് ലിറ്റര്‍ ചാരായവും 70 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. തലയാഴം സ്വദേശികളായ ബിനീഷ്, എബിൻ, സുബി എന്നിവര്‍ക്കായി എക്സൈസ് തെരച്ചില്‍ ആരംഭിച്ചു. ഈരാറ്റുപേട്ട റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്  പൂഞ്ഞാറില്‍  റെയ്ഡ് നടത്തിയത്.

കാട്ടില്‍ പാറയ്ക്ക് മുകളില്‍ നാളുകളായി നടത്തി വന്നിരുന്ന വന്‍ വാറ്റു കേന്ദ്രത്തിലെ  പരിശോധനയില്‍ 200 ലിറ്റര്‍ വാഷ്, 100 കിലോഗ്രാം ശര്‍ക്കര 10 ലിറ്റര്‍ ചാരായം വാറ്റ് പാത്രങ്ങള്‍ എന്നിവ കണ്ടെടുത്തു. എക്സൈസ് സംഘത്തെ കണ്ടതിനെത്തുടര്‍ന്ന് വാറ്റ് നടത്തിക്കൊണ്ടിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.